ക്ഷേമം, വികസനം, സമാധാനം

Share

വി.എസ്. അച്യുതാനന്ദന്‍

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വലിയൊരു മാറ്റം കുറിക്കുന്ന തിരഞ്ഞെടുപ്പാവും പതിമൂന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 1977 മുതല്‍ ഇതേവരെ മുന്നണികള്‍ മാറിമാറി ഭൂരിപക്ഷം നേടുന്ന തരത്തില്‍ ചാഞ്ചാട്ടത്തിന്റെ ചരിത്രമാണ് ആവര്‍ത്തിക്കുന്നത്. ആദ്യമായി അത് മാറാന്‍ പോവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുന്നതിന് പശ്ചാത്തലമൊരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലുണ്ടായ രണ്ട് മുന്നണി ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്‍മുന്നില്‍ കണ്ടവരാണ് മഹാഭൂരിപക്ഷം വോട്ടര്‍മാരും. 2001-2006ലെ യു.ഡി.എഫ്. ഭരണത്തിന്റെ ദുരനുഭവങ്ങള്‍ ഒരു പേടിസ്വപ്നംപോലെ ജനങ്ങളുടെ മനസ്സിലെത്തുന്നുണ്ട്. കടക്കെണിയും കര്‍ഷകആത്മഹത്യയും തൊഴിലില്ലായ്മയും തോട്ടങ്ങള്‍ അടച്ചുപൂട്ടലും പരമ്പരാഗത മേഖലയിലെ തകര്‍ച്ചയും കോളനികളിലെ പട്ടിണിമരണങ്ങളും പൊതുമേഖല അടച്ചിടലും വിറ്റഴിക്കലും അഴിമതിയും മാഫിയകളുടെ വിളയാട്ടവും പെണ്‍വാണിഭങ്ങളും ക്രമസമാധാന തകര്‍ച്ചയുമായിരുന്നു ആ അഞ്ച്കൊല്ലത്തെ അനുഭവം.

അതിനുശേഷംവന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുണ്ട്. കാര്‍ഷികമേഖലയിലോ വ്യവസായമേഖലയിലോ പരമ്പരാഗത തൊഴില്‍മേഖലകളിലോ തോട്ടംമേഖലയിലോ എവിടെയും അസ്വസ്ഥതകളില്ല. എല്ലാ മേഖലയിലും സമാധാനമാണ്. തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥ എവിടെയുമില്ല. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ എവിടെയുമില്ല. എല്ലാ തൊഴില്‍മേഖലയിലും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ജീവിതപ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുവര്‍ണ്ണകാലമാണെന്ന് സംസ്ഥാന ഗവര്‍ണര്‍തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗവര്‍ണറുടെ സ്വന്തംനിലയ്ക്കുള്ള വിലയിരുത്തലാണ്; അതായത് കേന്ദ്രഗവണ്‍മെന്റിന്റെ വിലയിരുത്തലാണത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേന്ദ്രസര്‍ക്കാരും വിവിധ ദേശീയ-സാര്‍വദേശീയ മാധ്യമങ്ങളും സംസ്ഥാന ഗവണ്‍മെന്റിന് നിരവധി അവാര്‍ഡുകള്‍ നല്‍കി. കേരളമാണ് എല്ലാരംഗത്തും മികവാര്‍ജ്ജിച്ചതെന്നാണവര്‍ വിലയിരുത്തിയത്. അതിന്റെ പേരില്‍ ചില നിക്ഷിപ്തതാല്പര്യക്കാര്‍ കേരളത്തെ അഭിനന്ദിച്ചുപോകരുതെന്ന് പരാതിപ്പെടുന്ന അനുഭവംപോലുമുണ്ടായി.

Share