തൊഴിലില്ലായ്മയ്ക്ക് അറുതി

Share

ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക-വ്യവസായികോല്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമാണ് പിന്നിടുന്നത്. ഈ അടിത്തറയില്‍നിന്നുകൊണ്ട് എല്ലാമേഖലയിലും കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് എല്‍.ഡി.എഫ്. വരുന്ന തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ കുടുംബത്തിനും അല്പമെങ്കിലും ഭൂമിയും സ്വന്തമായി വീടും ആ വീട്ടില്‍ വൈദ്യുതിയും ശുദ്ധജലവും ലഭ്യമാക്കുക മാത്രമല്ല പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാന്‍ രണ്ട് രൂപ നിരക്കില്‍ റേഷനരിയും രോഗചികിത്സയ്ക്ക് ക്ളേശിക്കാതിരിക്കാന്‍ ആരോഗ്യസുരക്ഷാ പദ്ധതിയും മാത്രമല്ല വിദ്യാഭ്യാസ-തൊഴില്‍ അവസരവും ഉറപ്പുനല്‍കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി.
തൊഴിലില്ലായ്മയ്ക്ക് അറുതി വരുത്തുന്നതിന് ഐ.ടി. ഉള്‍പ്പെടെ സംഘടിത മേഖലയില്‍ അഞ്ച് ലക്ഷം ഉള്‍പ്പെടെ 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കുന്നു. ഇപ്പോള്‍ 400 രൂപയായി ഉയര്‍ത്തിയ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുക, അസംഘടിത മേഖലയിലും ഒരു ക്ഷേമനിധിയിലും അംഗമല്ലാത്ത 60 വയസ്സുകഴിഞ്ഞവര്‍ക്ക് ക്ഷേമനിധി പെന്‍ഷന്റെ നാലിലൊന്നെങ്കിലും അലവന്‍സായി നല്‍കുക, അസംഘടിത മേഖലയിലും ശമ്പളത്തോടെയുള്ള പ്രസവാവധി, തുടങ്ങി മുഴുവന്‍ കേരളീയരുടെയും ക്ഷേമവും സമഗ്രവികസനവും ഉറപ്പ് വരുത്തുന്ന പദ്ധതികളാണ് എല്‍.ഡി.എഫ്. വിഭാവനം ചെയ്തിട്ടുള്ളത്. ഓരോ നവജാത ശിശുവിന്റെയും പേരില്‍ പതിനായിരം രൂപയുടെ സ്ഥിരനിക്ഷേപം നടത്തി ഭാവിസുരക്ഷ ഉറപ്പാക്കുന്നതിന് ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട കാര്യവും സ്മരണീയമാണ്.

Share

Comments are closed.