പ്രതിപക്ഷനേതാവിന്റെ വില്ലന്‍ വേഷം.

Share

ഭക്ഷ്യസുരക്ഷാനിയം നടപ്പാക്കുമെന്നും മൂന്ന് രൂപ നിരക്കില്‍ റേഷനരി നല്‍കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവരാണ് യു.പി.എ. ഗവര്‍മെണ്ട്. അധികാരത്തില്‍ വന്ന് 22 മാസം പിന്നിട്ടുകഴിഞ്ഞു. ഭക്ഷ്യസുരക്ഷാ നടപടികള്‍ എവിടെ? മൂന്ന് രൂപക്ക് അരി നല്‍കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, 8.90 ന് നല്‍കുന്ന എ.പി.എല്‍. അരിവിഹിതം ഒരു ലക്ഷത്തി പതിനോരായിരത്തി നാനൂറ്റിരുപത് ടണ്ണില്‍നിന്ന് പതിനേഴായിരത്തില്‍ ചില്വാനം ടണ്ണായി വെട്ടിക്കുറച്ച അനുഭവമാണ് കേരളത്തിന്റേത്. സംസ്ഥാന ഗവര്‍മെണ്ടിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് ഉത്സവകാലങ്ങളില്‍ പതിനായിരവും ഇരുപതിനായിരവും ടണ്‍ എ.പി.എല്‍. അരി അനുവദിച്ചപ്പോള്‍ മൂന്നു രൂപയോളം അധികം ഈടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

അങ്ങനെ കേരളത്തിന് ഭക്ഷണം നിഷേധിക്കുന്ന യു.പി.എ.യുടെ കേരളത്തിലെ രൂപമായ യു.ഡി.എഫ്. ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതില്‍ അദ്ഭുതമൊന്നുമില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ രണ്ട് രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരുന്നില്ല. എന്നാല്‍ ആദ്യം രണ്ട് രൂപ നിരക്കില്‍ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കി. പിന്നീട് 35 ലക്ഷം കുടുംബങ്ങളിലേക്കും നാലാം വാര്‍ഷികത്തോടെ നാല്‍പ്പത് ലക്ഷം കുടുംബങ്ങളിലേക്കും ആ പദ്ധതി വ്യാപിപ്പിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം കേവലം പതിനൊന്ന് ലക്ഷത്തില്‍ ചില്വാനം കാര്‍ഡുടമകളാണ് ബി.പി.എല്‍. ലിസ്റ്റിലുള്ളത്. എന്നാല്‍ കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പരമ്പരാഗത വ്യവസായ തൊഴിലാളികളും തൊഴിലുറപ്പ് പദ്ധതിയില്‍ അമ്പത് ദിവസമെങ്കിലും ജോലി ചെയ്തവരുമുള്‍പ്പെടെ നാല്‍പ്പത് ലക്ഷത്തോളം കുടുംബങ്ങളെ ബി.പി.എല്‍. ആനുകൂല്യങ്ങള്‍ക്കര്‍ഹരാക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. രണ്ട് രൂപ നിരക്കില്‍ റേഷനരി മാത്രമല്ല, സൌജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും ഇത്രയും കുടുംബങ്ങള്‍ക്ക് ലഭ്യമാക്കി.
ഇങ്ങനെ ആശ്വാസ നടപടികള്‍ സ്വീകരിച്ച ശേഷമാണ് ചില നിബന്ധനകള്‍ക്ക് വിധേയമായി എ.പി.എല്‍-ബി.പി.എല്‍. വ്യത്യാസമില്ലാതെ അര്‍ഹരായ എല്ലാ കുടുംബങ്ങളെയും രണ്ട് രൂപ നിരക്കിലുള്ള അരി പദ്ധതിയുടെ ഗുണഭോക്താക്കളാക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 23ന് അത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനിക്കുകയും 25ന് ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തതാണ്. മാര്‍ച്ച് ഒന്നിന് സന്ധ്യയ്ക്കാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന തിയ്യതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. അതായത്, തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് മൂന്നാഴ്ച മുമ്പ്, തിയ്യതി പ്രഖ്യാപിക്കുന്നതിന്റെ ഒരാഴ്ച മുമ്പ്, മന്ത്രിസഭ നിയമാനുസൃതം എടുത്ത തീരുമാനമാണിത്.

അതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചപ്പോള്‍ ഞങ്ങള്‍ വിചാരിച്ചത് നിഷേധാത്മക ചിന്താഗതിക്കാരനും ദോഷൈകദൃക്കുമായ ഏതോ വ്യവഹാരിയാവും പരാതിക്കാരന്‍ എന്നാണ്. എന്നാല്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ക്ക് ഞാന്‍ കത്തയച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഈ പദ്ധതിക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ എന്നായിരുന്നു കത്തിലെ സൂചന. പിന്നീട് പ്രശ്നം കോടതിയിലെത്തിയപ്പോള്‍ ഒന്നുകൂടി വ്യക്തമായി. രണ്ട് രൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി നാല്‍പ്പത് ലക്ഷത്തില്‍നിന്ന് അറുപത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വ്യാപിപ്പിക്കുന്നതിനെതിരെ ഉമ്മന്‍ചാണ്ടിയാണ് രേഖാമൂലം പരാതി നല്‍കിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. അതായത് കോണ്‍ഗ്രസ്സിന്റെ പരാതിയെ തുടര്‍ന്നാണ്, അല്ലാതെ ഇല്കഷന്‍ കമ്മീഷന്‍ സ്വമേധയാ എടുത്ത തീരുമാനമല്ല രണ്ട് രൂപ നിരക്കില്‍ അരി പദ്ധതി റദ്ദാക്കല്‍. രാജാജി മാത്യു തോമസ് എം.എല്‍.എ. ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കപ്പെടുകയും അരി വിതരണം ആരംഭിക്കുകയും ചെയ്തതാണ്. അപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോവുകയും ഹൈക്കോടതിവിധിക്ക് സ്റ്റേ നേടുകയും ചെയ്തു. വല്ലാത്തൊരു വാശിയാണിക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത്. ഉമ്മന്‍ചാണ്ടിയുടെയും മറ്റും നിര്‍ബന്ധബുദ്ധിയും അപ്പീല്‍ പോകുന്നതിന് പ്രേരണ നല്‍കിയിട്ടുണ്ടാവാം. സുപ്രീം കോടതിയില്‍നിന്ന് സ്റ്റേ വന്നപ്പോള്‍ യു.ഡി.എഫ്. നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആഹ്ളാദപ്രകടനം അതാണ് തെളിയിക്കുന്നത്. രണ്ട് രൂപ നിരക്കിലുള്ള അരി നിഷേധിച്ചതിന് ഉമ്മന്‍ചാണ്ടി കേരളത്തിലെ ജനങ്ങളോട് ഇന്നല്ലെങ്കില്‍ നാളെ മാപ്പ് പറയേണ്ടിവരും. രണ്ട് രൂപ നിരക്കിലുള്ള അരി രണ്ട് മാസത്തേക്ക് നിഷേധിക്കാനേ ഉമ്മന്‍ചാണ്ടിക്ക് കഴിയൂ. എല്‍.ഡി.എഫ്. ഗവര്‍മെണ്ട് വീണ്ടും അധികാരത്തിലെത്തിയാല്‍ ആദ്യ നടപടിതന്നെ ഫെബ്രുവരി 23ന്റെ മന്ത്രിസഭാ തീരുമാനം നടപ്പാക്കാനായിരിക്കും.

അതിരൂക്ഷമായ വിലക്കയറ്റമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ പാര്‍ലമെണ്ട് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 44 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 61 രൂപയായിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും വില വര്‍ധിപ്പിക്കാന്‍ പോവുകയാണ്. പാചകവാതകവില ഇരട്ടിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. സബ്സിഡി തുക നേരിട്ട് ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന കേന്ദ്ര തീരുമാനത്തിനര്‍ത്ഥം പൊതുവിതരണ സമ്പ്രദായം അപ്പാടെ തകര്‍ക്കാന്‍ പോകുന്നുവെന്നാണ്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത്രയധികം വിലക്കയറ്റമുണ്ടായ കാലം മുമ്പുണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ്-ഐയും സമ്മതിച്ചതാണ്. തങ്ങളുടെ ഊഹക്കച്ചവടവും അവധിവ്യാപാരവും പ്രോത്സാഹിപ്പിക്കുകയും എഫ്.സി.ഐ. ഗോഡൌണുകള്‍ കുത്തകകള്‍ക്ക് പാട്ടത്തിന് നല്‍കുകയും ചെറുകിട വ്യാപാരമേഖലയില്‍ കുത്തകവല്‍ക്കരണം നടപ്പാക്കുകയുമടക്കമുള്ള കേന്ദ്രത്തിന്റെ വികല നയങ്ങളാണ് ഇതിന് കാരണമെന്ന് അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ലെന്നു മാത്രം. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് കേരളം സ്വീകരിക്കുന്ന നടപടികള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ശരത്പവാര്‍ പാര്‍ലമെണ്ടില്‍ പ്രസ്താവിച്ചതാണ്. പക്ഷേ കേരളത്തിലെ വിപണി ഇടപെടലിനെയും വ്യാപകമായ പൊതുവിതരണ സമ്പ്രദായത്തെയും മാതൃകയാക്കുന്നതിന് പകരം പൊതുവിതരണം തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. എ.പി.എല്‍. അരി വിഹിതം നിഷേധിച്ചത് അതിന്റെ ഭാഗമാണ്. വിപണി ഇടപെടലിനായി സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന തുകയുടെ പകുതി കേന്ദ്രം ഗ്രാന്റായി നല്‍കണമെന്ന ആവശ്യം പരിഗണിച്ചില്ല. അതേസമയം രണ്ട് രൂപ നിരക്കില്‍ അരി വിതരണത്തിനു മാത്രം 250 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചു. മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ വിപണി ഇടപെടലിനായി അഞ്ച് വര്‍ഷം ചെലവഴിച്ച തുക 2006-2007ല്‍ ഒറ്റ വര്‍ഷം വിപണി ഇടപെടലിനായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെലവഴിച്ചു. സപ്ളൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവ അവയുടെ ആയിരക്കണക്കായ വിതരണശൃംഖലയിലൂടെ അഞ്ച് വര്‍ഷമായി ഒരേ വിലയ്ക്കാണ് പതിമൂന്നോളം നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നത്. മാത്രമല്ല, സംസ്ഥാനത്തെ പതിനാലായിരത്തില്‍ പരം വരുന്ന റേഷന്‍കടകളിലൂടെ റേഷന്‍ സാധനങ്ങള്‍ക്ക് പുറമെ പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചിരിക്കുന്നു. കേന്ദ്രം എ.പി.എല്‍. അരിവിഹിതം നിഷേധിച്ചപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വലിയ വിലയ്ക്ക് അരി വാങ്ങിക്കൊണ്ടുവന്ന് അരിക്കടകള്‍ വഴി 14 രൂപ നിരക്കില്‍ വിതരണം ചെയ്തു. നാം അരി കൊണ്ടുവരുന്ന ആന്ധ്രയില്‍ 21 രൂപ വിലയുള്ളപ്പോഴാണ് ഇവിടെ 14 രൂപയ്ക്ക് അരിക്കടകള്‍ വഴി അരി നല്‍കിയത്.

ഇങ്ങനെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലും പൊതുവിതരണത്തിലും അഭൂതപൂര്‍വമായ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത്. അത് അനുഭവിച്ചറിഞ്ഞ ജനങ്ങളുടെ മുന്നില്‍ പ്രതിപക്ഷനേതാവിന് വില്ലന്‍ പരിവേഷമുണ്ടാകുന്നതില്‍ അദ്ഭുതമില്ല. തങ്ങളുടെ കാലത്ത് കഴിയാത്ത കാര്യവും തങ്ങളുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭരണ സമീപനത്തില്‍നിന്നും വ്യത്യസ്തമായതുമായ ഒരു നയസമീപനം ഇവിടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ ‘വില്ലന്‍ മുഖം’ പ്രത്യക്ഷമായിപ്പോവുന്നതില്‍ അദ്ഭുതമില്ല.

Share

Comments are closed.