മറ്റ് മുന്നേറ്റങ്ങള്‍

Share

  • മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നമ്മുടെ താല്പര്യം സംരക്ഷിക്കാന്‍ അതീവജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. അണക്കെട്ട് ദുര്‍ബലമായിരിക്കുന്നു അതിനാല്‍ ജലനിരപ്പ് വര്‍ധിപ്പിക്കരുത് എന്ന നമ്മുടെ വാദം അംഗീകരിക്കപ്പെടുകയാണ്. പുതിയ അണക്കെട്ട് പണിയണമെന്ന തീരുമാനമെടുത്ത് നടപടികളുമായി മുന്നോട്ടു പോവുകയാണ് നാം.
  • അന്യസംസ്ഥാന ലോട്ടറിയും ഭൂട്ടാന്‍ ലോട്ടറിയും സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെ കണ്ണീരിലാഴ്ത്തി കോടിക്കണക്കിന് രൂപയാണ് ദിനംപ്രതി കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഈ ചൂതാട്ടം നടന്നുവന്നത്. അതിശക്തമായ നടപടി സ്വീകരിച്ചുകൊണ്ട് ആ ചൂതാട്ടത്തിന് താല്‍ക്കാലികമായെങ്കിലും അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.
  • തീര്‍ത്ഥാടകര്‍ക്ക് സൌകര്യമേര്‍പ്പെടുത്തുന്നതില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. ശബരിമല സന്നിധാനത്ത് ആധുനിക ചികിത്സാസൌകര്യങ്ങളുള്ള, കിടത്തി ചികിത്സിക്കാന്‍ സംവിധാനമുള്ള ആശുപത്രി സ്ഥാപിച്ചു. ശബരിമല മാസ്റ്റര്‍ പ്ളാനനുസരിച്ചുള്ള ആദ്യഘട്ടം പ്രവൃത്തികള്‍ നടത്തി. മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചു. ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. കരിപ്പൂരില്‍ ഹജ്ജ്ഹൌസ് നിര്‍മ്മിച്ചു.
  • അധികാരവികേന്ദ്രീകരണം സാര്‍ഥകമാക്കുന്നതിനും പ്രാദേശികവികസനത്തിലും വന്‍മുന്നേറ്റമാണ് ഈ കാലയളവിലുണ്ടായത്. 6947 കോടി രൂപ പദ്ധതി ഇനത്തിലും മൂവായിരത്തില്‍പ്പരം കോടി രൂപ പൊതുഗ്രാന്റും മറ്റുമായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി. തദ്ദേശഭരണ സമിതികളില്‍ അമ്പത് ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചു. 37 ലക്ഷത്തില്‍പ്പരം സ്ത്രീകള്‍ അണിനിരന്നിട്ടുള്ള കുടുംബശ്രീ പ്രസ്ഥാനം ക്ഷേമ-വികസന രംഗങ്ങളില്‍ വമ്പിച്ച പങ്ക് വഹിച്ചു. ഭക്ഷ്യോല്പാദനരംഗത്ത് കുടുംബശ്രീ വലിയൊരിടപെടല്‍ ശക്തിയായി മാറി. സ്ത്രീശാക്തീകരണത്തില്‍ കുടുംബശ്രീ രാജ്യത്തിനാകെ മാതൃകയായി.
  • സഹകരണപ്രസ്ഥാനത്തെ സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഏറ്റവും വലിയ ചാലകശക്തിയാക്കി മാറ്റാന്‍ ഈ കാലയളവില്‍ സാധിച്ചു. വൈദ്യരംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തും വ്യവസായരംഗത്തുമെല്ലാം സഹകരണപ്രസ്ഥാനത്തിന്റെ പങ്കാളിത്തം ഏറെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
  • അഞ്ച് വര്‍ഷംമുമ്പ് സമ്പൂര്‍ണ്ണ തകര്‍ച്ചയിലായിരുന്ന കെ.എസ്.ആര്‍.ടി.സി. ഇന്ന് കടക്കെണിയില്‍നിന്ന് ഏറെക്കുറെ മോചിതമായി സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്ന തരത്തില്‍ വളര്‍ച്ചയിലാണ്. പ്രതിവര്‍ഷം ആയിരം പുതിയ ബസ്സുകള്‍ നിരത്തിലിറക്കി ട്രാന്‍സ്പോര്‍ട്ട്രംഗത്തെ പൊതുമേഖലാ പങ്കാളിത്തം 13ല്‍നിന്ന് 27 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി. സര്‍വീസിന്റെ പ്രാദേശിക അസന്തുലിതാവസ്ഥ ഏറെക്കുറെ പരിഹരിച്ചു. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുകയും ബസ് സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി.ബസ് ടെര്‍മിനല്‍ കം ഷോപ്പിങ്ങ് കോംപ്ളക്സ് നിര്‍മ്മിക്കുന്നതിന് തുടക്കം കുറിച്ചു.
  • അനിശ്ചിതത്വത്തിലായിരുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് മുപ്പത് ലക്ഷത്തോളം പേര്‍ക്ക് പുതുതായി കുടിവെള്ളമെത്തിക്കാന്‍ ജലവിഭവ വകുപ്പിന് സാധിച്ചു. 222 ചെറുകിട പദ്ധതികളും 69 വന്‍കിട കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിച്ച് ജലവിതരണരംഗത്ത് വലിയൊരു കുതിച്ചുചാട്ടംതന്നെയുണ്ടാക്കി.
  • ക്രമസമാധാനത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനം കൈവരിക്കാനും ജനമൈത്രി പൊലീസ് സംവിധാനത്തിലൂടെ രാജ്യത്തിനാകെ മാതൃകകാട്ടാനും സാധിച്ചതിനുപുറമെ പൊലീസിനെ കാലാനുസൃതം നവീകരിക്കാനും കഴിഞ്ഞു. ജനമൈത്രി പൊലീസ് സംവിധാനം എല്ലാ പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് നടപ്പാക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇപ്പോഴത്തെ പ്രകടന പത്രിക വിഭാവനം ചെയ്യുന്നു.
  • പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടും വയല്‍നികത്തല്‍ തടഞ്ഞുകൊണ്ടും വനവിസ്തൃതി വര്‍ധിപ്പിച്ചുകൊണ്ടുമാണ് സംസ്ഥാനത്ത് സമഗ്രമായ വികസന പദ്ധതികള്‍ നടപ്പാക്കിയയെന്നത് അഭിമാനകരമാണ്. അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്തെ നിക്ഷിപ്ത വനഭൂമിയുടെ വിസ്തൃതി നാല് ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ സാധിച്ചു. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് തടഞ്ഞു. കൃഷിഭൂമിയെ സംരക്ഷിക്കാന്‍ നടപടിയെടുത്തു. പരിസ്ഥിതിക്ക് ആഘാതമാകുന്ന ഒരു നിര്‍മ്മാണപ്രവൃത്തിയും അനുവദിക്കില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ചു.
Share

Comments are closed.