ഉമ്മന്‍ചാണ്ടി ടാറ്റയുടെ വക്കീലാവരുത്.

Share

സി-ഡാറ്റിനെ സ്വകാര്യവല്‍ക്കരിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. എന്താണ് ഈ സി-ഡാറ്റ് എന്ന് ഇനിയും മനസ്സിലാകുന്നില്ല. സി-ഡാക്കിനെയാണോ സംസ്ഥാന ഡാറ്റാ സെന്ററിനെയാണോ അദ്ദേഹം സി-ഡാറ്റ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയില്ല. ഏതായാലും അദ്ദേഹത്തിന് കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ല എന്നത് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്ന് വ്യക്തമാണ്. തന്റെ കാലത്ത് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ ഏല്‍പ്പിച്ചിരുന്നു എന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. ഒന്നാമത്, ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നത് ശ്രീമാന്‍ ആന്റണിയുടെ കാലത്താണ്. അതിന്റെ സര്‍ക്കാര്‍ ഉത്തരവ് ഞാന്‍ കാണുകയുണ്ടായി. 2004 മെയ്മാസം 28നാണ് ഉത്തരവിറക്കിയത്. രണ്ടാമതായി, ഈ ചുമതല ഏല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടി കരുതുന്നതുപോലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തെയല്ല. സാക്ഷാല്‍ ടാറ്റയെയാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ പ്രവൃത്തി ചെയ്യാന്‍ തയ്യാറായിട്ടും അവയെ ഒഴിവാക്കിയാണ് റിലയന്‍സിന് ഈ പദ്ധതി നല്‍കിയത് എന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നുണ്ട്. ഇതും ഞാന്‍ പരിശോധിച്ചു. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവുന്നത്. 2004-ല്‍ ടെണ്ടറില്‍ പങ്കെടുത്തവരില്‍ നാലാമതായി ലിസ്റ്റ് ചെയ്തിട്ടുള്ളത് കെല്‍ട്രോണിനെയാണ്. ഇന്നത്തെപ്പോലെതന്നെ അന്നും കെല്‍ട്രോണ്‍ ടെണ്ടറില്‍ പങ്കെടുക്കുകയും അവരെ അയോഗ്യരാക്കുകയും ചെയ്തിരുന്നു. ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തിരുന്നത് ഡിഷ്നെറ്റ് എന്ന സ്ഥാപനമായിരുന്നു. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് അവരെ ഒഴിവാക്കി രണ്ടാംസ്ഥാനത്ത് വന്ന ടാറ്റ കമ്പനിക്ക് പദ്ധതി കൈമാറുകയായിരുന്നു.
ഉമ്മന്‍ചാണ്ടി പറയുന്ന സി-ഡാക്കിന് ഡാറ്റാ സെന്റര്‍ നടത്തിപ്പില്‍ ഒരു പങ്കുമില്ല. ടെണ്ടര്‍ നടപടികളില്‍ സാങ്കേതിക സഹായം നല്‍കിയ കണ്‍സള്‍ട്ടന്റ് മാത്രമായിരുന്നു സി-ഡാക്. സി-ഡാക് എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് 2004 മുതല്‍ മൂന്ന് വര്‍ഷം ഡാറ്റാ സെന്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് എന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് കള്ളം പറയുകയാണ്.
ടാറ്റയുടെ മൂന്ന് വര്‍ഷ കാലാവധി അവസാനിച്ച ശേഷം 2007-ല്‍ വീണ്ടും ടെണ്ടര്‍ വിളിച്ചു. കുറഞ്ഞ തുകയ്ക്ക് ടെണ്ടര്‍ നല്‍കിയ റിലയന്‍സിന് ഡാറ്റാ സെന്ററിന്റെ തുടര്‍ നടത്തിപ്പ് ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം ടാറ്റ കമ്പനി നടത്തിവന്ന ചുമതല അടുത്ത മൂന്ന് വര്‍ഷത്തേക്ക് നടത്താനുള്ള ചുമതലയാണ് റിലയന്‍സിന് ഇപ്രകാരം ലഭിച്ചത്. ടാറ്റയും റിലയന്‍സും ഉള്‍പ്പെടെ പങ്കെടുത്ത ടെണ്ടറില്‍ കുറഞ്ഞ ടെണ്ടര്‍ സമര്‍പ്പിച്ചതുകൊണ്ടാണ് റിലയന്‍സിന് പദ്ധതി ലഭിച്ചത്.

പ്രതിപക്ഷനേതാവ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ആരോപണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവയെക്കുറിച്ച് പഠിക്കുകയും അഴിമതിയാണെന്നു ബോദ്ധ്യപ്പെട്ടാല്‍ അവയ്ക്കെതിരേ സന്ധിയില്ലാതെ പോരാടുകയുമാണ് ഞാന്‍ ചെയ്തിരുന്നത്. ഇടമലയാര്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ സര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോഴും ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ മുന്നോട്ടുപോയത്. എന്നാല്‍ കേട്ടുകേള്‍വികളെ അടിസ്ഥാനപ്പെടുത്തി പുകമറ സൃഷ്ടിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ടാറ്റയ്ക്കുവേണ്ടി കേസു വാദിക്കുന്ന വക്കീലാവാന്‍ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത് അപഹാസ്യമാണ്. അദ്ദേഹം ഈ വിഷയം പഠിക്കാനും തെറ്റു തിരുത്താനും തയ്യാറാവണം. മറിച്ചാണ് ബോദ്ധ്യപ്പെടുന്നതെങ്കില്‍ കേസു കൊടുക്കാനും തയ്യാറാകണം.

Share

Comments are closed.