ആന്റണി കേരളത്തെ ഇങ്ങനെ വീര്‍പ്പ് മുട്ടിക്കരുത്.

Share

കേന്ദ്ര ഗവര്‍മെണ്ട് കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി എ.കെ. ആന്റണി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കേരളമെമ്പാടും പറഞ്ഞുനടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കാത്തത് മന്‍മോഹന്‍സിങ്ങിന്റെയും സോണിയാ ഗാന്ധിയുടെയും ഔദാര്യമാണ് പോലും! മഹാരാഷ്ട്രയിലെ വിദര്‍ഭയിലും, കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന ആന്ധ്രപ്രദേശിലുമടക്കം ആയിരക്കണക്കിന് കൃഷിക്കാര്‍ ഇപ്പോഴും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ്ങിനും സോണിയാഗാന്ധിക്കും ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പകയും വിദ്വേഷവും കൊണ്ടായിരിക്കും എന്നാണല്ലോ ആന്റണിയുടെ പ്രസ്താവനയില്‍നിന്നും അനുമാനിക്കേണ്ടിവരിക. 2001-2004ല്‍ ആന്റണി അധികാരത്തിലിരുന്നപ്പോഴാണല്ലോ കടക്കെണിയും വിലത്തകര്‍ച്ചയുംകൊണ്ടുള്ള കര്‍ഷക ആത്മഹത്യ എന്ന പ്രതിഭാസം കേരളത്തില്‍ ആരംഭിച്ചത്. അന്ന് ഈ കാര്യം കേരള നിയമസഭയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി ശ്രീ. ആന്റണിയും കൃഷിമന്ത്രി ശ്രീമതി. കെ.ആര്‍. ഗൌരിയമ്മയും കേരളത്തില്‍ കര്‍ഷക ആത്മഹത്യ എന്നൊരു സംഭവമേ ഇല്ലെന്ന് പറഞ്ഞത് ഓര്‍ക്കുമല്ലോ. പാര്‍ലമെണ്ടില്‍ കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ കര്‍ഷക ആത്മഹത്യാ പ്രശ്നം ഉന്നയിക്കുകയും കേന്ദ്ര സഹായം തേടുകയും ചെയ്തപ്പോള്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്ര ഗവര്‍മെണ്ട് മറുപടി നല്‍കിയത്. അതിനര്‍ത്ഥം തങ്ങളുടെ പരാജയം മറച്ചുവെക്കാനും സ്വയം ന്യായീകരിക്കാനും ശ്രമിക്കുക വഴി കേന്ദ്ര സര്‍ക്കാരില്‍നിന്നും ന്യായമായി കര്‍ഷകര്‍ക്കു ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍പോലും ഇല്ലാതാക്കുകയാണ് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്തത് എന്നാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്ത് മരിച്ചുവീണുകൊണ്ടിരുന്നപ്പോള്‍ അങ്ങനെയൊരു സംഭവമേയില്ലെന്ന് പറഞ്ഞ ആന്റണിയാണ് ഇപ്പോള്‍ ആത്മഹത്യ നിലച്ചത് സോണിയയുടെ ഔദാര്യംകൊണ്ടാണെന്ന് പൊങ്ങച്ചം പറയുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവര്‍മെണ്ട് അധികാരത്തില്‍ വന്ന ശേഷം ആദ്യം ചെയ്തത് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കുകയാണ്. ഈ പ്രശ്നം കേന്ദ്രത്തിനു മുമ്പില്‍ ശക്തമായി അവതരിപ്പിച്ചത് ഈ ഗവര്‍മെണ്ടാണ്. അന്ന് ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടു മാത്രം അധികാരത്തില്‍ തുടരുന്ന ഒരു ഗവര്‍മെണ്ടായിരുന്നു കേന്ദ്രത്തില്‍. കര്‍ഷക ആത്മഹത്യാ പ്രശ്നം പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും കാര്‍ഷിക മേഖലയിലെ തൊഴിലില്ലായ്മയും പട്ടിണിയും അവസാനിപ്പിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണമെന്നും പൊതു മിനിമം പരിപാടിയില്‍ ഉപാധി നിര്‍ബ്ബന്ധമായി ചേര്‍പ്പിച്ചത് ഇടതുപക്ഷമാണ്. കേരളത്തിലെ മൂന്ന് ജില്ലകളിലടക്കം രാജ്യത്തെ പതിനാറ് ജില്ലകളില്‍ വിദര്‍ഭ മോഡല്‍ പാക്കേജ് പ്രഖ്യാപിച്ചത് കേരള സര്‍ക്കാരിന്റെയും തുടര്‍ന്ന് ഇടതുപക്ഷത്തിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്. തൊഴിലുറപ്പ് പദ്ധതിയാകട്ടെ, സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രമാണ് ആദ്യം അനുവദിച്ചത്. പിന്നെയും സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തയ്യാറായത്. ഈ രണ്ട് പദ്ധതികളുടെയും പിതൃത്വം ഏറ്റെടുത്ത ആന്റണി ഒന്നാം യു.പി.എ. ഗവര്‍മെണ്ടിന്റെ പൊതു മിനിമം പരിപാടിയെക്കുറിച്ചും അതില്‍ ഇടതുപക്ഷം വഹിച്ച നിര്‍ണായകമായ പങ്കിനെക്കുറിച്ചും കൃതഗ്നതയോടെ മറച്ചുവെക്കുകയാണ്. അതോടൊപ്പംതന്നെ ഈ രണ്ട് പദ്ധതികളും നടപ്പാക്കിയ കേരളത്തിനു പുറത്തുള്ള മറ്റ് പ്രദേശങ്ങളിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാന്‍ ആന്റണി തയ്യാറാവണം. വിദര്‍ഭയില്‍ മാത്രം ആയിരക്കണക്കിന് കൃഷിക്കാരാണ് ഓരോ വര്‍ഷവും ഇപ്പോഴും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തില്‍നിന്നുള്ള പദ്ധതികള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയായിരുന്നില്ല കേരളം. സ്വന്തം നിലക്ക്, ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും അവരുടെ കുടുംബത്തിന് അര ലക്ഷം രൂപവീതം സാമ്പത്തിക സഹായം നല്‍കുകയും കാര്‍ഷിക കടങ്ങള്‍ക്ക് പൂര്‍ണമായും മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും അതിന്റെ കാലാവധി തീരുംമുമ്പ് കാര്‍ഷിക കടാശ്വാസ നിയമം നടപ്പാക്കുകയും കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നടപ്പാക്കുകയും ചെയ്തുകൊണ്ട് കാര്‍ഷിക മേഖലയെ കടക്കെണിയില്‍നിന്ന് പൂര്‍ണമായി മോചിപ്പിക്കാന്‍ കഴിഞ്ഞു. അതോടൊപ്പം സമഗ്രമായ ഉല്‍പ്പാദന വര്‍ധനാ പദ്ധതി നടപ്പാക്കിക്കൊണ്ട് കാര്‍ഷികരംഗത്ത് ഒരു പുതിയ വസന്തം സൃഷ്ടിക്കുകയും ചെയ്തു. യു.ഡി.എഫ്. ഭരിക്കുന്ന ഘട്ടത്തില്‍ നെല്ലിന്റെ സംഭരണവില ഏഴു രൂപയായിരുന്നത് അമ്പതു പൈസയെങ്കിലും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്റെ നേതൃത്വത്തില്‍ നിയമസഭയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയ കാര്യം ആന്റണി ഓര്‍ക്കുന്നുണ്ടാവണം. ഇന്ന് നെല്ലിന്റെ സംഭരണവില പതിനാല് രൂപയാണെന്ന് ആന്റണി മനസ്സിലാക്കണം. ഏഴു കൊല്ലം മുമ്പ് താന്‍ ഭരിക്കുന്ന കാലത്തെ അവസ്ഥയാണോ ഇപ്പോഴത്തെ അവസ്ഥയെന്ന് കേരളത്തിലെ കര്‍ഷകരോട് അന്വേഷിച്ചറിയുന്നത് നന്നായിരിക്കും.

ആന്റണി ഭരിച്ചുകൊണ്ടിരുന്ന കാലത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ രോഗഗ്രസ്ഥമെന്ന പേരില്‍ എങ്ങനെ അടച്ചുപൂട്ടാം എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിയാബ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും ഇതേ നടപടികള്‍ തുടര്‍ന്നുപോന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലം പിന്നിടുമ്പോള്‍ തങ്ങള്‍ അടച്ചുപൂട്ടാനും വിറ്റുതുലയ്ക്കാനും വെച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലാണ് എന്നു മാത്രമല്ല, പത്ത് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു എന്ന് ആന്റണി കണ്ണുതുറന്ന് കാണണം. ഉത്തരം മുട്ടിക്കുന്ന ഈ യാഥാര്‍ത്ഥ്യത്തെ കണ്ട് പകച്ച അദ്ദേഹം ഇതും കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമാണ് എന്ന് ലജ്ജയില്ലാതെ പറയുകയാണ്.

വാസ്തവത്തില്‍കേരളത്തിന്റെ പല വന്‍കിട പദ്ധതികളെയും അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. തങ്ങളുടെ കാലത്ത് പ്രത്യേക സാമ്പത്തിക മേഖല എന്ന് തത്വത്തില്‍ അംഗീകരിച്ചിരുന്ന സ്മാര്‍ട്സിറ്റി പദ്ധതിക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിക്കാതെയാക്കാന്‍ ന്യായീകരണങ്ങള്‍ കണ്ടുപിടിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പദ്ധതി പ്രദേശത്തിനു കുറുകെ കടമ്പ്രയാര്‍ എന്ന നദിയൊഴുകുന്നു എന്നാണ് പദ്ധതി മുടക്കാന്‍ പറഞ്ഞ ന്യായീകരണം. ഈ നദി ഒഴുക്കാരംഭിച്ചത് 2006ന് ശേഷമല്ല. ഇതുപോലെതന്നെയാണ് വിഴിഞ്ഞം പദ്ധതിയുടെ കാര്യവും. സൂം എന്ന കമ്പനി ചൈനയില്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രതിരോധമന്ത്രിയായ ആന്റണി കണ്ട ആദ്യ തൊടുന്യായം. പദ്ധതി വൈകിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ആന്റണിക്ക് ഒഴിഞ്ഞുമാറാനാവില്ല. എങ്കിലും അത് സഹിച്ച് വീണ്ടും ആദ്യം മുതല്‍ നടപടികളാരംഭിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാവുന്ന ഘട്ടമായപ്പോള്‍ ഇപ്പോള്‍ പറയുന്നത് തൂത്തുക്കുടി, കൊളച്ചല്‍ തുറമുഖങ്ങളുമായുള്ള സാമീപ്യം എന്ന കാരണം പറഞ്ഞ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്മാര്‍ട്സിറ്റിയില്‍ എന്ന പോലെ ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങളെ മറികടന്ന് മുന്നോട്ടുപോകാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരിനുണ്ട്. പദ്ധതിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കുകയും റെയില്‍ റോഡ് കണക്റ്റിവിറ്റി ഉള്‍പ്പെടെ അടിസ്ഥാന സൌകര്യ വികസനത്തിനായി 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയും പ്രവൃത്തി തുടങ്ങുകയും ചെയ്തിരിക്കുന്നു. പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് എസ്.ബി.ടി.യുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പദ്ധതിക്ക് തുരങ്കംവെക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് ആന്റണി പറയുന്നത്.

ആന്റണിയുടെ സ്ഥിരം മണ്ഡലത്തിലാണല്ലോ ചേര്‍ത്തല ഓട്ടോകാസ്റ്റ്. ഓട്ടോകാസ്റ്റുമായി ചേര്‍ന്ന് വാഗണ്‍ നിര്‍മ്മാണശാല ആരംഭിക്കാന്‍ ഇടതുപക്ഷ പിന്തുണയോടെ കേന്ദ്രം ഭരിച്ച ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് കേരളവുമായി ധാരണാപത്രം ഒപ്പുവെച്ചതായിരുന്നു. അന്ന് റെയില്‍വേ ബജറ്റില്‍ അതിന് പണവും നീക്കിവെച്ചു. എന്നാല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ യു.പി.എ. സര്‍ക്കാര്‍ ആ പദ്ധതിയും അട്ടിമറിച്ചു. ആന്റണിക്ക് എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത് എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.
പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാലക്കാട് കോച്ച് ഫാക്റ്ററി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. അയ്യായിരം കോടി രൂപ ചെലവില്‍ ബൃഹത്തായ ഒരു ഫാക്റ്ററിയാണ് വിഭാവനം ചെയ്തത്. അതിനാവശ്യമായ മുഴുവന്‍ സ്ഥലവും സൌജന്യമായി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി. എന്നാല്‍ ഇത്തവണത്തെ റെയില്‍വേ ബജറ്റിലും ആ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ച് മൌനം പാലിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിനു വേണ്ടി വാരിക്കോരി തരുന്നു എന്നവകാശപ്പെടുന്ന ആന്റണിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്?

കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷമായി നിരന്തര ശ്രമം നടത്തിവരികയാണ് സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആ പദ്ധതി കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കുന്നതിന് ആസൂത്രണ കമ്മീഷനും കേന്ദ്ര ധനമന്ത്രാലയവും ഇപ്പോഴും തടസ്സം നില്‍ക്കുകയാണ്. ഹൈക്കമാന്റിന്‍രെ പ്രധാന വക്താവും കേന്ദ്ര മന്ത്രിയുമാണല്ലോ ആന്റണി. ഇക്കാര്യത്തിലും ആന്റണിയുടെ വിശദീകരണം കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ എട്ട് ഐ.ഐ.ടി.കള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ഗവര്‍മെണ്ട് പ്രഖ്യാപിക്കുകയുണ്ടായി. കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളത്തിലും ഐ.ഐ.ടി. അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിന് ആവശ്യമായ ഐ.ഐ.ടി ആരുടെയും ഔദാര്യമായി കിട്ടേണ്ടതല്ല. കേരളത്തിന്റെ അവകാശമാണ്. അതും അട്ടിമറിക്കപ്പെട്ട സാഹചര്യം ആന്റണി വിശദീകരിക്കണം.

Share

4 Comments to "ആന്റണി കേരളത്തെ ഇങ്ങനെ വീര്‍പ്പ് മുട്ടിക്കരുത്."

 1. Varghese P Abraham,7/17,George street,Liverpool,Nsw,Australia-2170's Gravatar Varghese P Abraham,7/17,George street,Liverpool,Nsw,Australia-2170
  April 3, 2011 - 12:45 pm | Permalink

  very truthful questions………….!

 2. Lata's Gravatar Lata
  April 3, 2011 - 4:41 pm | Permalink

  Ettukali Mammonhinte puthiya avatharam thanne Antony.

 3. Gopakumar's Gravatar Gopakumar
  April 3, 2011 - 8:06 pm | Permalink

  oru puthiya antony aanu ippo keralathil ethiyirikkunnathu.. pazhaya aadharshamokke moodivachittu.. thante pazhaya koottukarude rakshaykkayi keralathil ethiyirikkunnu.. anony prayunnathu azhimathiyonnum oru karyamallennanu.. delhiyil pokunnathuvare azhimathiye shakthamayi ethirthukondirunna antony, delhiyile thante koottukar nadathunna laksham-kodiyude azhimathikandappol, keralathile pazhaya koottukarude azhimathiyokke sadharanam enna mattilanu.. kollam mr. antony mattam eppozhum nallathuthanne..

 4. deepu's Gravatar deepu
  April 3, 2011 - 8:14 pm | Permalink

  paavam, tension kondu paraunathale…

Comments are closed.