ഉപനേതാവ് കുഞ്ഞാലിക്കുട്ടിയോ?

Share

പതിമൂന്നാം നിയമസഭാതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഭരണത്തുടര്‍ച്ചക്ക് വേണ്ടി, ക്ഷേമത്തിനും വികസനത്തിനും സമാധാനത്തിനും വേണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വോട്ട് ചെയ്തു വിജയിപ്പിക്കുമെന്ന് അനുദിനം കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. എന്നിരുന്നാലും കീഴ്വഴക്കം തുടരുമെന്നും യു.ഡി.എഫ്. അധികാരത്തില്‍ വന്നേക്കുമെന്നും ആ മുന്നണിയുടെ നേതാക്കള്‍ ആശിക്കുക സ്വാഭാവികമാണ്. ഭരണം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെയായിരിക്കുമെന്ന് വയലാര്‍ രവി പരസ്യമായും ഏ.കെ. ആന്റണി പരോക്ഷമായും സൂചിപ്പിച്ചുകഴിഞ്ഞു. അതേസമയം ഉപമുഖ്യമന്ത്രി ഉണ്ടാവുമോ എന്നും ഉണ്ടെങ്കില്‍ അത് പി.കെ. കുഞ്ഞാലിക്കുട്ടി ആയിരിക്കുമോ എന്നും ഇതേവരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയാന്‍ തയ്യാറായിട്ടില്ല. യു.ഡി.എഫില്‍ രണ്ടാം സ്ഥാനം മുസ്ളിംലീഗിനാണെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യമായി പറഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഏതെങ്കിലും കാരണവശാല്‍ ജയിക്കുകയാണെങ്കില്‍ അദ്ദേഹമായിരിക്കും ഉപമുഖ്യമന്ത്രി എന്ന് നേരത്തെതന്നെ കോണ്‍ഗ്രസ് രഹസ്യമായി ഉറപ്പ് നല്‍കിയിട്ടുണ്ട്. മത്സരിക്കാനുള്ള സീറ്റ് 24ല്‍ ഒതുക്കാന്‍ മുസ്ളിംലീഗ് സമ്മതിച്ചത് ഉപമുഖ്യമന്ത്രിസ്ഥാനം എന്ന വ്യവസ്ഥയോടെയാണെന്നത് പരസ്യമായ രഹസ്യമാണ്. ലീഗ് നേതാക്കള്‍ എ.ഐ.സി.സി. പ്രസിഡണ്ട് സോണിയാഗാന്ധിയെ ചെന്നുകണ്ട് അങ്ങനെയൊരുറപ്പ് വാങ്ങിയിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയില്ല.
ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന ഐക്യ ജനാധിപത്യമുന്നണിക്കു വേണ്ടി നാടെങ്ങും നടന്ന് പ്രസംഗിക്കുന്ന എ.കെ. ആന്റണി വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ജയിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കണമെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സിലുണ്ടെന്നാണല്ലോ ആന്റണി പറയുന്നത്. പെണ്‍വാണിഭക്കേസില്‍ ഇരകള്‍ത്തന്നെ ചൂണ്ടിക്കാണിച്ചതും പരാതിപ്പെട്ടതും അന്വേഷണ വിധേയനുമായ ഒരാളെ ഉപമുഖ്യമന്ത്രിയാക്കില്ലെന്ന് പറയാന്‍ ആന്റണിക്ക് ധൈര്യമുണ്ടോ? ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ തലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തുവെച്ച് കറുത്ത തുണി വീണതും അത് ക്യാമറയില്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ തല്ലിച്ചതച്ചതും ആന്റണിയും ഓര്‍ക്കുന്നുണ്ടാവുമല്ലോ. റജീന ഉള്‍പ്പെടെയുള്ളവര്‍ മാത്രമാണ് അന്ന് ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭാ സഹപ്രവര്‍ത്തകന്റെ വൃത്തികേടുകള്‍ വിളിച്ചുപറഞ്ഞതെങ്കില്‍ ഇന്ന് കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കോഴിക്കോട്ടെ രണ്ട് പെണ്‍കുട്ടികള്‍ കൈകള്‍ കോര്‍ത്തുപിടിച്ച് കുതിച്ചുവരുന്ന തീവണ്ടിയുടെ മുന്നിലേക്ക് നടന്നു നീങ്ങി മരണം വരിച്ചതുമായി ബന്ധപ്പെട്ട് കേസ് വന്നിരിക്കുന്നു. മാഫിയാ പ്രവര്‍ത്തനം നടത്തി പണം കുന്നുകൂട്ടുകയും അതുപയോഗിച്ച് കേസുകളില്‍നിന്ന് ഊരിപ്പോവുകയും ചെയ്തിട്ടും സത്യം വീണ്ടും പിന്തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുകയും എല്ലാ നന്മകള്‍ക്കും നേരെ പല്ലിളിച്ചുകാട്ടുകയും ചെയ്ത ആ സംഭവത്തെക്കുറിച്ച് ആന്റണി വാ തുറക്കണം. ഒരു പെണ്‍വാണിഭക്കാരനും കളങ്കിതനുമായിരിക്കില്ല, യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി എന്നു പറയാന്‍ ആന്റണിക്ക് ധൈര്യമുണ്ടോ – ഞാന്‍ വെല്ലുവിളിക്കുന്നു.
കളങ്കിതരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യൂത്ത് കോണ്‍ഗ്രസ്സും കെ.എസ്.യു.വും പ്രമേയം പാസാക്കിയതാണ്. കളങ്കിതരെ സ്ഥാനാര്‍ത്ഥികളാക്കണോ എന്ന് അതത് പാര്‍ട്ടികള്‍ തീരുമാനിക്കണം, കോണ്‍ഗ്രസ് കളങ്കിതരെ സ്ഥാനാര്‍ത്ഥിയാക്കില്ല എന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ ലീഗ് കണ്ണു മിഴിച്ചപ്പോള്‍ കളങ്കിതരെ സ്ഥാനാര്‍ത്ഥിയാക്കിയാലും തരക്കേടില്ല, മന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആക്കിയാലും തരക്കേടില്ല എന്ന് കോണ്‍ഗ്രസ് സമ്മതിച്ചു.

കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ഐ നേതാവായ മമ്പറം ദിവാകരനാണ്. പെരളശ്ശേരിയില്‍ ബീഡിക്കമ്പനി ആക്രമിച്ച് സി.പി.ഐ. എം. പ്രവര്‍ത്തകനായ കൊളങ്ങരേത്ത് രാഘവനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞയാളാണ് മമ്പറം ദിവാകരന്‍. കൊലയാളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് സമ്മതിച്ചതെങ്ങനെ എന്ന് ആന്റണി വ്യക്തമാക്കണം.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയും സുഖവാസത്തിനല്ല അവിടെ കഴിയുന്നത്. ഇടമലയാര്‍ പദ്ധതിയില്‍ അഴിമതി നടത്തി ജനങ്ങളുടെ പണം കട്ടതിനാണ്. നഗ്നമായ അഴിമതി നടത്തി എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ എനിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ് കേസുമായി ഞാന്‍ മുന്നോട്ടു പോയത്. പഴയ കേസല്ലേ, വിട്ടുകളയാവുന്നതല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഇവിടെ ബാലകൃഷ്ണപിള്ള എന്ന വ്യക്തിയല്ല വിചാരണ ചെയ്യപ്പെടുന്നത്. ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി അധികാരത്തില്‍ വരികയും ആ അധികാരമുപയോഗിച്ച് ജനവഞ്ചന നടത്തുകയും ചെയ്യാനുള്ള സാദ്ധ്യതയാണ് തകര്‍ക്കപ്പെടേണ്ടത്. അതിനാലാണ് പിന്‍മാറാതെ കേസുമായി ഞാന്‍ മുന്നോട്ടു പോയത്. ബാലകൃഷ്ണപിള്ളയോടൊപ്പം മാണി കോണ്‍ഗ്രസ്സിന്റെ നേതാവും അഴിമതി നടത്തിയതായി പരമോന്നത നീതിപീഠത്തിന് ബോദ്ധ്യപ്പെടുകയും അയാളെയും ജയിലിലാക്കുകയും ചെയ്തിരിക്കുന്നു.
യു.ഡി.എഫിന്റെ നേതാക്കളെയെല്ലാം വേട്ടയാടുന്നു എന്നാണ് മറ്റൊരാരോപണം. യഥാര്‍ത്ഥത്തില്‍ അഴിമതിക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അഴിമതിക്കാരെല്ലാം യു.ഡി.എഫ്. എന്ന ലേബലില്‍ സംഘടിച്ചിരിക്കുന്നു എന്നതാണ് വസ്തുത. ഇവരില്‍ പലരും എല്‍.ഡി.എഫില്‍ കടന്നുപറ്റാന്‍ ശ്രമിച്ചതാണ്. അഴിമതിക്കാരെയും കളങ്കിതരെയും ഞങ്ങള്‍ക്കു വേണ്ട എന്ന കര്‍ശന നിലപാടാണ് ഞങ്ങളെടുത്തത്. യു.ഡി.എഫ്. വിട്ട് ജനതാദള്‍ വഴി എല്‍.ഡി.എഫില്‍ കടന്നുകൂടാന്‍ ശ്രമിച്ചയാളാണ് ബാലകൃഷ്ണപിള്ള. ഇനി യു.ഡി.എഫിലേക്ക് മടങ്ങുമോ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ‘ഛര്‍ദ്ദിച്ചത് ആരെങ്കിലും വിഴുങ്ങുമോ’ എന്നാണ് പിള്ള ചോദിച്ചത്. അഴിമതിക്കാര്‍ എല്‍.ഡി.എഫില്‍ വേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഛര്‍ദ്ദിച്ചത് വിഴുങ്ങി. ടി.എം. ജേക്കബിന്റെ കാര്യവും ഇതുതന്നെ. നേരിട്ടും, ഡി.ഐ.സി. വഴിയും എല്‍.ഡി.എഫില്‍ എത്താന്‍ ജേക്കബ് ശ്രമിച്ചതാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ സൈന്‍ബോര്‍ഡ്, സ്മാര്‍ട്സിറ്റി വിഷയങ്ങളില്‍ നിയമസഭയ്ക്കകത്തും പുറത്തും ആരോപണമുന്നയിച്ചയാളാണ് ജേക്കബ്. ഇത്തരത്തില്‍ അഴിമതിക്കാരെല്ലാം യു.ഡി.എഫ്. എന്ന കുടക്കീഴില്‍ അണിനിരന്നിരിക്കുകയാണ്. പാമോയില്‍ കേസില്‍ ആരോപിതനായ ഉമ്മന്‍ചാണ്ടി, ഐസ്ക്രീം കേസില്‍ ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടി, കോതമംഗലം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് ഒത്താശ ചെയ്ത കെ.എം. മാണി, കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ ആരോപിതനായ ടി.എം. ജേക്കബ് തുടങ്ങിയവര്‍ നയിക്കുന്ന യു.ഡി.എഫില്‍ ആരാണ് രണ്ടാം കക്ഷി എന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം നിലനിന്നത്. അവിടെ തങ്ങളുടെ സഹപ്രവര്‍ത്തകരെ കടത്തിവെട്ടി കുഞ്ഞാലിക്കുട്ടി ഒരുറപ്പ് സമ്പാദിച്ചിരിക്കുന്നു. ഇക്കാര്യം ജനങ്ങളോട് തുറന്നു പറയാന്‍ ആന്റണി തയ്യാറാവുമോ?

Share

1 Comment to "ഉപനേതാവ് കുഞ്ഞാലിക്കുട്ടിയോ?"

  1. deepu's Gravatar deepu
    April 3, 2011 - 8:17 pm | Permalink

    peedana veeran, should clean these type of people from kerala.

Comments are closed.