കോണ്‍ഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു.

Share

അന്യസംസ്ഥാന-അന്യരാജ്യ ലോട്ടറി ചൂതാട്ടത്തില്‍നിന്നും അവരുടെ കൊടിയ ചൂഷണത്തില്‍നിന്നും കേരളജനത മോചിതരായിരിക്കുന്നു. മാര്‍ട്ടിന്റെയും കൂട്ടരുടെയും ലോട്ടറിക്കച്ചവടം കേരളത്തില്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ 2001-2006ല്‍ അധികാരത്തിലിരുന്ന എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി ഭരണമാണ് ദിനംപ്രതി നാല്‍പ്പത് കോടി രൂപയില്‍ പരം കൊള്ളയടിച്ചു കൊണ്ടുപോകുന്നതിന് സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത്. ഓരോ ദിവസവും ഇത്രയും കോടി രൂപ കേരളത്തില്‍നിന്ന് കടത്തിക്കൊണ്ടിരുന്ന മാഫിയകള്‍ക്ക് ഇത്രയും കാലം ഇവര്‍ ചെയ്തുവന്ന സഹായങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്ത് കേരളത്തില്‍നിന്നു കൊണ്ടുപോയിരുന്ന കോടികള്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടു എന്നതു സംബന്ധിച്ച് സംശയങ്ങളുണ്ട്. വിദേശ ബന്ധമുള്ള തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതിനും, കള്ളപ്പണം വെളുപ്പിക്കുന്നതിനുമെല്ലാം ഈ പണം വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണം വേണമെന്ന് ഞാനാവശ്യപ്പെട്ടത് അതിനാലാണ്. ഇപ്രകാരം കള്ളപ്പണത്തിന്റെ ഒഴുക്കു നടക്കണമെങ്കില്‍ കേന്ദ്രത്തിലെ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശ കൂടിയേ തീരൂ. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അറിയാതെയല്ല ഇതെല്ലാം നടക്കുന്നത് എന്നും വ്യക്തമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുമായി മാര്‍ട്ടിന്റെ പണത്തിന് ബന്ധമുണ്ടെന്ന് ഒരു സുപ്രഭാത്തില്‍ പറഞ്ഞത് രമേശ് ചെന്നിത്തലയാണല്ലോ. തെരഞ്ഞെടുപ്പിനു വേണ്ടി കോണ്‍ഗ്രസ് കേരളത്തിലേക്കൊഴുക്കുന്ന തുകയുടെ സ്രോതസ്സിലേക്കാണ് ചെന്നിത്തല സൂചന നല്‍കിയത്. ചെന്നിത്തലയോടൊപ്പമാണ് മനു അഭിഷേക് സിംഗ്വി കേരളത്തില്‍ വന്ന് മാര്‍ട്ടിനുവേണ്ടി വാദിച്ചത് എന്ന കാര്യം ചെന്നിത്തല നിഷേധിക്കുമോ? ആ മനു അഭിഷേക് സിംഗ്വിതന്നെയല്ലേ ഇന്നും കോണ്‍ഗ്രസ്സിന്റെ വക്താവ്? അന്ന് സിംഗ്വി ചെയ്തത് ശരിയായില്ല എന്ന് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞുനടന്നത് അവര്‍തന്നെ വിഴുങ്ങിയിരിക്കുകയാണ്. യു.ഡി.എഫ്. നേതൃത്വം ലോട്ടറി മാഫിയയില്‍നിന്നും പണം പറ്റുന്നുണ്ട് എന്നത് അവിതര്‍ക്കിതമാണ്. ഉമ്മന്‍ചാണ്ടി അധികാരത്തിലിരുന്നപ്പോഴാണ് ലോട്ടറി മാഫിയക്കെതിരെ കേസെടുക്കില്ലെന്നും എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും സുപ്രീം കോടതിയില്‍ എഴുതിക്കൊടുത്തത്. ഉമ്മന്‍ചാണ്ടിയുടെ ആ നിലപാടാണ് നിര്‍ബ്ബാധം ലോട്ടറി മാഫിയകള്‍ക്ക് ഇവിടെ നിയമലംഘനം നടത്താന്‍ അവസരമുണ്ടാക്കിയത്.

സി.ബി.ഐ. അന്വേഷണത്തെ ചിദംബരവും, അക്കാരണത്താല്‍തന്നെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭയക്കുന്നുണ്ട്. 2003 ഡിസംബര്‍ 19ന് മാര്‍ട്ടിന്‍ പ്രമോട്ടറായ സിക്കിം, മേഘാലയ ലോട്ടറികളുടെ കേസില്‍ മാര്‍ട്ടിനു വേണ്ടി ഹാജരാവുകയും അന്നുതന്നെ മാര്‍ട്ടിനനുകൂലമായ ഇടക്കാല വിധി വാങ്ങിക്കൊടുക്കുകയും ചെയ്തത് ഇന്നത്തെ സാക്ഷാല്‍ ആഭ്യന്തര മന്ത്രി ചിദംബരമാണ്. ഇത് കോണ്‍ഗ്രസ് നിഷേധിച്ചാല്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണ്. ആയിരക്കണക്കിന് കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിക്കൊണ്ടിരുന്ന നികുതി കുടിശ്ശിക കേസില്‍ 2006 നവംബറില്‍ വാദിക്കാന്‍ വന്നത് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ്. മാര്‍ട്ടിന്റെ ഉപ്പും ചോറും തിന്ന് ആഭ്യന്തര മന്ത്രിക്കസേരയിലിരിക്കുന്ന ചിദംബരംതന്നെയാണ് ഇപ്പോഴും ലോട്ടറി മാഫിയക്കുപിന്നിലെ അദൃശ്യശക്തി. കള്ളപ്പണം വെളുപ്പിക്കാനും ഭീകരവാദികളെ സഹായിക്കാനുമായി ഇവിടെനിന്നു കടത്തുന്ന പണം വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണം തീര്‍ച്ചയായും പല കോണ്‍ഗ്രസ് നേതാക്കളെയും അഴിയെണ്ണിക്കുമെന്നുറപ്പാണ്. അതില്‍ ചിദംബരവും കണ്ടേക്കാം, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കണ്ടേക്കാം. അതിനാലാണ് ലോട്ടറി നിരോധിക്കാനാവശ്യപ്പെടുമ്പോള്‍ സി.ബി.ഐ. അന്വേഷണത്തിനു തടസ്സവാദങ്ങളുന്നയിച്ച് കാലം കഴിക്കുന്നത്.

പച്ചക്കള്ളമാണ് ഇതുസംബന്ധിച്ച് എല്ലാ കോണ്‍ഗ്രസ്സുകാരും പറഞ്ഞതും പറയുന്നതും എന്ന് രേഖകള്‍ സഹിതം ഞാന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്റെ കത്തു കിട്ടിയിട്ടേയില്ല എന്ന് ചിദംബരം പത്രക്കാരോട് പറഞ്ഞത് 2011 ജനുവരി നാലിനാണ്. എന്നാല്‍ കത്തുകിട്ടി എന്നറിയിച്ചുകൊണ്ട് 2010 ഡിസംബര്‍ 29ന് എനിക്കയച്ച മറുപടി ഞാന്‍ ആ പത്രസമ്മേളനത്തില്‍ വിതരണം ചെയ്തപ്പോള്‍ പ്രധാനമന്ത്രിക്ക് കത്ത് കിട്ടിയില്ല എന്ന വാദവുമായി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ തെളിവുകളും ഞാന്‍ വിതരണം ചെയ്തു. തനിക്കല്ല സി.ബി.ഐ. അന്വേഷണത്തിന് അധികാരം, അത് പ്രധാനമന്ത്രിയുടെ വകുപ്പാണ് എന്ന് ചിദംബരം മുട്ടുന്യായം പറയുകയായിരുന്നു. ചെന്നിത്തല അതേറ്റുപിടിച്ചു. ഇതിനിടെ മുഖ്യമന്ത്രിയുടെ കത്തു കിട്ടിയിട്ടുണ്ട്, ഉടന്‍ സി.ബി.ഐ. അന്വേഷണം ആരംഭിക്കുമെന്ന് ചിദംബരത്തിന്റെ അസിസ്റ്റന്റ് മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രക്കാരോട് പറയുകയും ചെയ്തു. അതിനു ശേഷമാണ് പ്രധാനമന്ത്രിയുടെ കത്ത് കിട്ടുന്നത്. സി.ബി.ഐ. അന്വേഷണാവശ്യം ചിദംബരത്തിന് കൈമാറിയിട്ടുണ്ടെന്നു മാത്രമാണ് പ്രധാനമന്ത്രിക്കു പറയാനുണ്ടായിരുന്നത്. ചിദംബരം പറയുന്നു, പ്രധാനമന്ത്രിക്ക് കൊടുക്കണമെന്ന്. പ്രധാനമന്ത്രി പറയുന്നു, ചിദംബരത്തിന് കൊടുത്തിട്ടുണ്ടെന്ന്. കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്നാണ് തര്‍ക്കം.

പ്രഥമവിവര റിപ്പോര്‍ട്ടും നോട്ടിഫിക്കേഷനുമില്ലാത്തതാണ് സി.ബി.ഐ. അന്വേഷണത്തിന് തടസ്സം എന്നായി അടുത്ത വാദം. അഞ്ഞൂറില്‍ പരം പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അല്ലെങ്കില്‍തന്നെ പ്രഥമവിവര റിപ്പോര്‍ട്ടും നോട്ടിഫിക്കേഷനും ആവശ്യപ്പെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ച് 2008ല്‍ വിധിച്ച കാര്യവും കാണിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. എന്നാല്‍ രാജ്യാന്തര ബന്ധമുള്ള കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തുന്നു. അവരുടെ വക്കാലത്ത് സ്ഥിരം ഏറ്റെടുത്തിട്ടുള്ള ചിദംബരവും മനു അഭിഷേക് സിംഗ്വിയും സുബ്ബയും മാത്രമല്ല, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും ആ അന്വേഷണത്തില്‍ കുരുങ്ങുമെന്നുറപ്പാണ്. 2003 ഡിസംബറില്‍ ടാജ് മലബാറില്‍ കോണ്‍ഗ്രസ് നേതാക്കളും ലോട്ടറി മാഫിയയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും മറ്റു പണമിടപാടുകളും അന്നുതന്നെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. കെ.പി.സി.സി. രസീത് സൂക്ഷിക്കുന്നുണ്ടെങ്കില്‍ ആ കാലയളവിലെ രസീതുബുക്ക് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവും.

ഇനിയും നാട്ടുകാരെ പറഞ്ഞു പറ്റിക്കാന്‍തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നത്. വിരലിന്റെ മറവില്‍ ഉരല്‍ വിഴുങ്ങാമെന്നാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ധരിച്ചിരിക്കുന്നത്.

Share

1 Comment to "കോണ്‍ഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു."

  1. Sam's Gravatar Sam
    April 7, 2011 - 8:43 am | Permalink

    KERALITES ARE NOT THAT MUH FOOLS TO BELIEVE YOUR LIES. MAY BE YOUR PARTY SUPPORTERS WILL APPLAUS AT YOUR STANDARD LESS JOKES.

Comments are closed.