ഐസ്ക്രീം – ഉമ്മന്‍ചാണ്ടിയുടെ വക്കാലത്ത് വേണ്ട.

Share

നമ്മുടെ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന പാവനമായ എല്ലാ മൂല്യങ്ങളെയും പിച്ചിച്ചീന്തുക, അതിനായി പദവിയെയും ഭരണയന്ത്രത്തെയും നികുതിപ്പണത്തെയും ഉപയോഗിക്കുക, ഈ മാഫിയാ പ്രവര്‍ത്തനം സംബന്ധിച്ച തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അതിനെയെല്ലാം നിസ്സാരവല്‍ക്കരിക്കാനും തമസ്കരിക്കാനും തിന്മകളുടെ ശക്തികളെ മുഴുവന്‍ സമാഹരിക്കുക – മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭവുമായി ബന്ധപ്പെട്ട ചിത്രമാണിത്. തെളിവുകള്‍ പരസ്യമായി നശിപ്പിക്കാന്‍ ശ്രമിക്കുകയും അതെല്ലാം മനസ്സിലാക്കിയിട്ടും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി മറച്ചുപിടിക്കുകയും തിന്മയുടെ പ്രതീകങ്ങളായവരെ ന്യായീകരിക്കുകയും നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന അത്യന്തം വൃത്തികെട്ട ഒരു ആസൂത്രിത പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നന്മയുടെ മൂല്യങ്ങള്‍ പ്രധാന വിഷയമാവുകയും തിന്മകളുടെ ശക്തികള്‍ക്കെതിരെ ജനമനസ്സ് ഉണരുകയും ചെയ്തപ്പോള്‍ ആരൊക്കെയാണ് ഗ്വാ ഗ്വാ വിളികളുമായി രംഗത്തിറങ്ങിയതെന്ന് നോക്കുക. ആദര്‍ശധീരനെന്ന് അവകാശപ്പെടുന്ന എ.കെ. ആന്റണി, പിന്നെ ഉമ്മന്‍ചാണ്ടി. ഇവരിരുവരെയും മാനസപുത്രരായി കണ്ട് വളര്‍ത്തിക്കൊണ്ടുവന്ന കേരളത്തിലെ വലതുപക്ഷത്തിന്റെ മുഖപത്രം. എല്ലാ കുറ്റകൃത്യങ്ങളും ചെയ്ത വ്യക്തി തനിക്കെതിരെ എവിടെ തെളിവ് എന്ന് ചോദിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും അവരെ താലോലിച്ചു വളര്‍ത്തുന്ന മാധ്യമങ്ങളും ചോദിക്കുമ്പോള്‍ അവര്‍ ജനാധിപത്യ വ്യവസ്ഥിതിയെയും നമ്മുടെ നാട് പണ്ടുമുതല്‍ക്കേ മുറുകെ പിടിക്കുന്ന സദാചാര മൂല്യങ്ങളെയുമാണ് വെല്ലുവിളിക്കുന്നത്. കുറ്റവാളികള്‍ക്ക് കുട പിടിക്കുന്ന ആന്റണിയും ഉമ്മന്‍ചാണ്ടിയും പറയുന്നതുപോലെ തുരുമ്പിച്ച കേസാണോ ഐസ്ക്രീം? അതില്‍ കേവലം വ്യഭിചാരത്തിന്റെയോ ബലാല്‍സംഗത്തിന്റെയോ മാത്രം പ്രശ്നമാണോ ഉള്ളത്? വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നതുകൊണ്ട് മാത്രം ഒരു കേസ് കാലഹരണപ്പെടുമോ? മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് പരോക്ഷമായി കൂട്ടുനിന്നവരാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും. കാരണം, അവരുടെകൂടി തണലിലാണ് ഈ കുറ്റകൃത്യങ്ങളെല്ലാം നടന്നത്.

നമ്മുടെ മൂല്യവ്യവസ്ഥയുടെ എല്ലാ അടരുകളെയും പിച്ചിച്ചീന്തിക്കൊണ്ട് നടന്നതും നടക്കുന്നതുമമായ ഒരു മാഫിയാ പ്രവര്‍ത്തനമാണ് ഐസ്ക്രീം സംഭവമെന്ന് പുതുതായി തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു. പുതിയ തെളിവുകള്‍ വന്നാല്‍ കേസുകള്‍ക്ക് വീണ്ടും ജീവന്‍വെക്കുമെന്നും അങ്ങനെവന്നാല്‍ അനുഭവം എന്തായിരിക്കുമെന്നും വര്‍ഗീസ് വധക്കേസ് വ്യക്തമാക്കുന്നു. നാല് പതിറ്റാണ്ട് മുമ്പ് എഴുതിത്തള്ളിയ വര്‍ഗീസ് വധക്കേസില്‍ പുതിയ തെളിവ് വന്നപ്പോള്‍ അന്നത്തെ പോലീസ് സൂപ്രണ്ട് കൊലക്കുറ്റത്തിന് ജിവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുരയില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ സഹ തടവുകാരനായി കഴിയുകയാണ്.
ഗോവിന്ദച്ചാമി എന്ന ഒരു ക്രിമിനല്‍ തീവണ്ടിമുറിയില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നത് നമ്മുടെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചു. രാജ്യം മുഴുവന്‍ അതില്‍ ഉണര്‍ന്നു പ്രതികരിച്ചു. എന്നാല്‍ ഔദ്യോഗിക വാഹനവും ഔദ്യോഗിക സംവിധാനങ്ങളും പോലീസ് കാവലും ഉപയോഗിച്ച് നടത്തിയ സ്ത്രീപീഡനവും അതിന്റെ കേസ് അട്ടിമറിക്കാന്‍ അഴിമതിപ്പണം ഉപയോഗിച്ചതും ഗോവിന്ദച്ചാമിയുടെ കേസിനോളം ആന്റണി-ഉമ്മന്‍ചാണ്ടി-മനോരമാദികളെ അലട്ടുന്നില്ലെന്നതോ പോട്ടെ, അതൊന്നും വലിയ കാര്യമല്ല, കാലഹരണപ്പെട്ടുപോയതല്ലേ എന്ന ചോദ്യം അവരില്‍നിന്നുയരുകയും ചെയ്യുന്നു എന്നത് ആശ്ചര്യകരമാണ്.

കള്ളക്കടത്തിന്റെയും പാകിസ്ഥാനില്‍നിന്നുള്ള കള്ളനോട്ട് വരവിന്റെയും കോടിക്കണക്കിനു രൂപയുടെ വസ്തു ഇടപാടുകളുടെയും ഇരകളെ നാടുകടത്തിയതിന്റെയും സാക്ഷികളെ നിശ്ശബ്ദരാക്കാന്‍ പണം നല്‍കിയതിന്റെയും ജഡ്ജിമാരെ പണം നല്‍കി സ്വാധീനിച്ചതിന്റെയും നരഹത്യകളുടെയുംവരെയുള്ള കുറ്റകൃത്യങ്ങളുടെ ഒരു വന്‍ ശൃംഖലയാണ് ഐസ്ക്രീം പെണ്‍വാണിഭം. കരിപ്പൂര്‍ വിമാനത്താവളത്തെവരെ അതിനുപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കൈകോര്‍ത്തുപിടിച്ച്, കുതിച്ചുവരുന്ന തീവണ്ടിക്കുനേരെ നടന്നടുത്ത് ജീവിതം അവസാനിപ്പിച്ച അത്യന്തം ദാരുണമായ സംഭവംവരെ ഈ കേസുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.
കോടതികള്‍ പല കാരണങ്ങളാല്‍ ഒരിക്കല്‍ അവസാനിപ്പിച്ചതാണെങ്കിലും ഐസ്ക്രീം മാഫിയാ സംഭവങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും മനോരമയും ഉള്‍പ്പെടെ മുഴുവന്‍ കേരളീയര്‍ക്കും അറിയാമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി അത് കണ്ടില്ലെന്നു നടിക്കുന്ന കാപട്യം ജനങ്ങള്‍ തിരിച്ചറിയും.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹപ്രവര്‍ത്തകനും മുസ്ളിംലീഗ് സെക്രട്ടറിയുമായ എം.കെ. മുനീറിന്റെ ചാനല്‍ മുഖേന കുഞ്ഞാലിക്കുട്ടിയുടെ സന്തത സഹചാരിയും ഭാര്യാ സഹോദരീ ഭര്‍ത്താവുമായ റൌഫ് നടത്തിയ വെളിപ്പെടുത്തലുകളില്‍ പുതിയ തെളിവുകളുടെ നീണ്ട നിരതന്നെയുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞതാണ്. റൌഫ് കോടതിയില്‍ ഹാജരായി മജിസ്ട്രേട്ട് മുമ്പാകെ വസ്തുതകള്‍ ഒന്നൊന്നായി മൊഴി നല്‍കുകകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസന്വേഷണം നടക്കുന്നത്. അങ്ങനെ അന്വേഷിക്കുന്നത് ശരിയല്ലെന്നും അന്വേഷണം ത്വരിതപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ചട്ടവിരുദ്ധമാണെന്നും അത് അനുസരിക്കുന്ന ഉദ്യോഗസ്ഥന്‍ ഭാവിയില്‍ അതിന്റെ വില കൊടുക്കേണ്ടിവരുമെന്നുമാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഇന്നലെ ഭീഷണിപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നീതിബോധമല്ല എന്റേത്. ഉമ്മന്‍ചാണ്ടിയുടെ നിയമോപദേശം തേടുന്നതിനു പകരം ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രണ്ട് സീനിയര്‍ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നത്. നിയമപരമായ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യൂ. എന്നാല്‍ എന്ത് ഉമ്മാക്കി കാട്ടിയാലും നിയമപരമായതെല്ലാം ചെയ്യുകയും ചെയ്യും. ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ എന്തെങ്കിലും കാര്യമാണെന്ന് ഉമ്മന്‍ചാണ്ടിക്ക് ബോദ്ധ്യമുണ്ടെങ്കില്‍ നിയമപരമായി അതിനെ നേരിടുകയാണ് വേണ്ടത്. അല്ലാതെ പോലീസുകാരെ ഭീഷണിപ്പെടുത്തുകയല്ല. ഐസ്ക്രീം കേസില്‍ കുറ്റവാളികളുടെ വക്കാലത്തെടുത്ത് പത്രങ്ങളിലൂടെ പ്രതികരിക്കുന്നതിനു പകരം കുറ്റവാളികള്‍ക്കുവേണ്ടി കോടതിയെ സമീപിക്കൂ. പാവപ്പെട്ട പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ നരാധമന്മാരുടെ വക്കാലത്തുമായി ഉമ്മന്‍ചാണ്ടിയെ കേരള ജനത നന്നായി കാണട്ടെ.

കുറ്റകൃത്യങ്ങള്‍ നടക്കുന്ന കാലത്തും തുടര്‍ന്നും കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷക വേഷമാണ് ഉമ്മന്‍ചാണ്ടിക്ക്. കുറ്റകൃത്യങ്ങള്‍ കാലഹരണപ്പെടുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണം. നമ്മുടെ വ്യവസ്ഥിതിയെത്തന്നെ അട്ടിമറിക്കുകയും മാഫിയാവല്‍ക്കരിക്കുകയും ചെയ്യുന്ന കൊടും ക്രൂരതയെയാണ് ഉമ്മന്‍ചാണ്ടി വെള്ളപൂശുന്നത്. എന്നാല്‍ സത്യത്തെ നിങ്ങള്‍ക്ക് അധികം മറച്ചുവെക്കാനാവില്ല. നമ്മുടെ മൂല്യവ്യവസ്ഥയെ അട്ടിമറിക്കുന്നതും നമ്മുടെ സമൂഹത്തിന്റെ നന്മകളെ ഇല്ലാതാക്കുന്നതും സ്ത്രീസമൂഹത്തിന്റെ മാനാഭിമാനം പിച്ചിച്ചീന്തുന്നതും കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. സ്ത്രീ പീഡകരെ കയ്യാമം വെച്ച് നടത്തിക്കുകയും ജയിലിലടക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ നെഞ്ചില്‍ കൈവെച്ച് ഉറപ്പു നല്‍കുന്നത് അതുകൊണ്ടാണ്. അത് ജനങ്ങള്‍ തിരിച്ചറിയുകയും അതിന്റെ കൂടെ അണിചേരുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

Share

1 Comment to "ഐസ്ക്രീം – ഉമ്മന്‍ചാണ്ടിയുടെ വക്കാലത്ത് വേണ്ട."

  1. Ramesh K B Nair's Gravatar Ramesh K B Nair
    April 6, 2011 - 3:27 pm | Permalink

    You are the soul of Kerala. No other politician can equate you V.S. Politics has been made out a safe refuge for anti-social elements, instead of being a medium for social service. For such hard core crime minded politicians, arranging young women for enjoyment, corruption, bribery, land grabbing, instigating communal violence for short gains etc. have become way of their life and they can not find anything wrong in such things. This is the reason for Oommenchandy’s behaviour. Congress is inured to all sort of corruptions. Till the case is proved in court they close their eyes even though they know the truth saying there is no proof. Once court penalized them, they arrange reception for the culprits who stole the people’s money, making the constitutional institutions a mockery. Everything for short term political gains. I don’t know when they will realize about the grievous damage they are doing to the society, culture and for future generations.

Comments are closed.