ലോട്ടറി മാഫിയ – Press Release

Share

ലോട്ടറി മാഫിയക്കെതിരേ സി.ബി.ഐ. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതാവശ്യമില്ല എന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എങ്കില്‍ വിജ്ഞാപനം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരിക്കുന്നു. സി.ബി.ഐ. അന്വേഷണത്തില്‍നിന്ന് തലയൂരാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടിരിക്കുന്നു. ലോട്ടറി മാഫിയയുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒത്തുകളി ഇതോടെ വ്യക്തമായിരിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വി.ഡി. സതീശനും ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. ഇതുവരെ, വിജ്ഞാപനമിറക്കാതെ സി.ബി.ഐ. അന്വേഷണമില്ല എന്ന നിലപാടെടുത്ത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജിവെക്കണം. അന്യ സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്റെ നടപടികളെ കോടതി അഭിനന്ദിച്ചിരിക്കുന്നു.

കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിച്ചാല്‍ അത്തരം ലോട്ടറികള്‍ നിരോധിക്കാന്‍ വകുപ്പുണ്ട്. കേന്ദ്രത്തിന് ഇതിനുള്ള ബാദ്ധ്യതയുണ്ട്. പ്രസ്തുത നിയമത്തിലെ 11-ാം വകുപ്പനുസരിച്ച് കേന്ദ്രം 2010ല്‍ ചട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതിലെ ചട്ടം 5-ല്‍ ലോട്ടറി നിരോധിക്കേണ്ട സാഹചര്യങ്ങള്‍ പറയുന്നു. ഇതനുസരിച്ച് ലോട്ടറി നടത്തിപ്പുകാര്‍ നടത്തിയ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അത്തരം ലോട്ടറികള്‍ നിരോധിക്കാനാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരള സര്‍ക്കാര്‍ പലതവണ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോട്ടറിമാഫിയ കേരളത്തില്‍നിന്ന് അനധികൃതമായി കൊണ്ടുപോയ പതിനായിരക്കണക്കിന് കോടി രൂപ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പക്കുന്നതിനും ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഞാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ലോട്ടറി മാഫിയക്കുവേണ്ടി കേസുവാദിച്ചു നടന്നിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. ചിദംബരം സി.ബി.ഐ. അന്വേഷണത്തിന് തടസ്സവാദങ്ങളുന്നയിക്കുകയാണുണ്ടായത്. പ്രധാനമന്ത്രിയാകട്ടെ, എന്റെ അന്വേഷണാവശ്യത്തിന് മറുപടി പറയാതെ എന്റെ ആവശ്യം ചിദംബരത്തിന് കൈമാറുകയും അക്കാര്യം എന്നെ അറിയിക്കുകയുമാണുണ്ടായത്.

ഇതിനിടെയാണ് വി.ഡി. സതീശന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രക്ഷിക്കാന്‍ സി.ബി.ഐ. അന്വേഷണത്തിന് പ്രഥമവിവര റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്യിക്കണമെന്നും നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടണമെന്നും മറ്റുമുള്ള വാദങ്ങളുമായി കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്ന് 2008ല്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമായും വിധി പ്രസ്താവിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ ബോദ്ധ്യപ്പെടുത്തിയ സാഹചര്യത്തില്‍ മറ്റ് മാര്‍ഗമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഇത്രയും കാലം കൈക്കൊണ്ട നിലപാടില്‍നിന്ന് പിന്‍മാറുകയും വിജ്ഞാപനമില്ലാതെതന്നെ സി.ബി.ഐ. അന്വേഷണം നടത്താമെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരിക്കുകയാണ്. കേരള സര്‍ക്കാര്‍ ഇതിനകംതന്നെ കേന്ദ്രത്തെ അറിയിച്ച വസ്തുതകള്‍ കണക്കിലെടുത്ത് സി.ബി.ഐ. അന്വേഷണം നടത്താവുന്നതാണെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു.

ഇത്രയും കാലം സി.ബി.ഐ. അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കള്ളക്കളി ഇതോടെ വ്യക്തമായിക്കഴിഞ്ഞു. ഇനി, സി.ബി.ഐ. അന്വേഷണം വരട്ടെ. പല കോണ്‍ഗ്രസ് നേതാക്കളും അഴിയെണ്ണുമെന്ന കാര്യം ഉറപ്പാണ്.
വി.എസ്. അച്യുതാനന്ദന്‍.

Share

Comments are closed.