കുറ്റസമ്മതങ്ങള്‍ വേട്ടയാടുമ്പോള്‍.

Share

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം ദിവസേന പ്രസ്താവനയും മീറ്റ് ദി പ്രസ്സുമെല്ലാമായി രംഗത്തു വരുന്നുണ്ട്. എന്നാല്‍ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ നടത്തിയ കുറ്റസമ്മതവും ആരോപണവും അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണെന്നാണ്.
ടൈറ്റാനിയം കമ്പനിയില്‍നിന്നും കടലിലേക്കൊഴുക്കുന്ന മലിനജലം സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. യു.ഡി.എഫ്. ഗവര്‍മെണ്ട് വന്നതോടെ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പഴയ പ്രോജക്റ്റ് അട്ടിമറിച്ചു. പകരം 270 കോടി രൂപയുടെ പുതിയ മാലിന്യ സംസ്കരണ പ്രോജക്റ്റ് ആസൂത്രണം ചെയ്തു. നൂറ് കോടിയോളം രൂപയുടെ ആസ്തിയുള്ള കമ്പനിയില്‍ അതിന്റെ മൂന്നിരട്ടിയോളം രൂപയുടെ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിലെ തട്ടിപ്പ് മറച്ചുവെക്കാന്‍ കമ്പനിയിലെ ഉല്‍പ്പാദനം പെരുപ്പിച്ച് കാണിക്കുന്ന കൃത്രിമംപോലും ഉണ്ടായി. അഴിമതി നിറഞ്ഞതാണ് എന്ന് വ്യക്തമായതിനാല്‍ കരാര്‍ ഒപ്പിടാന്‍ താന്‍ തയ്യാറായില്ല എന്നതിനാല്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് എന്നാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അഴിമതി നീക്കം സംബന്ധിച്ച എല്ലാ തെളിവുകളും തന്റെ കയ്യിലുണ്ടെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ വെളിപ്പെടുത്തുകയുണ്ടായി. ടൈറ്റാനിയം വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. വ്യവസായ വകുപ്പ് അന്ന് കൈകാര്യം ചെയ്തത് പി.കെ. കുഞ്ഞാലിക്കുട്ടിയും തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായി ഇബ്രാഹിംകുഞ്ഞുമാണ്. ഇവരിരുവരുടെയും രഹസ്യ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് റൌഫാണ്. അഴിമതി, പെണ്‍വാണിഭക്കേസുകള്‍ എന്നിവയെല്ലാം തേച്ചുമാച്ചു കളയാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ സര്‍വ്വ മാഫിയാ പ്രവര്‍ത്തനങ്ങളുടെയും ഇടനിലക്കാരന്‍ താനായിരുന്നു എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവായ റൌഫ് വെളിപ്പെടുത്തിയത്. അങ്ങനെയുള്ള റൌഫ് വ്യാഴാഴ്ച നടത്തിയ കുറ്റസമ്മതം ടൈറ്റാനിയം അഴിമതി സംബന്ധിച്ച രാമചന്ദ്രന്‍ മാസ്റ്ററുടെ കുറ്റസമ്മതത്തിന്റെയും ആരോപണങ്ങളുടെയും അനുബന്ധമാണ്. ഇത് കേവലം ആരോപണമല്ല. വര്‍ഗീസ് വധക്കേസ് പുനരാരംഭിക്കാനും ശിക്ഷ വിധിക്കാനും വഴിയൊരുക്കിയ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ കുറ്റസമ്മതംപോലെ തന്നെയുള്ളതാണ് രാമചന്ദ്രന്‍ മാസ്റ്ററുടെയും റൌഫിന്റെയും കുറ്റസമ്മതങ്ങളും. ടൈറ്റാനിയത്തില്‍ ആദ്യം നിശ്ചയിച്ചതിന്റെ പല മടങ്ങ് തുകയ്ക്ക് മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാന്‍ നിശ്ചയിച്ചതിനു പിന്നില്‍ സ്ഥാപനം നഷ്ടത്തിലാക്കി വിറ്റുതുലച്ച് കമ്മീഷന്‍ വാങ്ങുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. ഇക്കാര്യമാണ് കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററും മറ്റൊരു തരത്തില്‍ റൌഫും ചൂണ്ടിക്കാട്ടിയത്. അഴിമതിക്ക് താന്‍ കൂട്ടുനിന്നില്ലെന്നാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞതെങ്കില്‍ മാസ്റ്റര്‍ പറഞ്ഞ അഴിമതി ഇടപാടില്‍ പ്രധാന ചുമതല വഹിച്ച പ്രതിയാണ് താന്‍ എന്നാണ് റൌഫ് കുറ്റസമ്മതം നടത്തിയത്. സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ ഒരു അഴിമതി സംബന്ധിച്ച് സ്വന്തം സഹപ്രവര്‍ത്തകനായ മുന്‍ മന്ത്രി ആരോപണമുന്നയിച്ചിട്ടും ഉമ്മന്‍ചാണ്ടി മറുപടി പറയുന്നില്ല. അഴിമതി ഇടപാടിന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച റൌഫ് കുറ്റസമ്മതം നടത്തിയിട്ടും ഉമ്മന്‍ചാണ്ടി മൌനം തുടരുകയാണ്.

കെ.പി.സി.സി.യുടെ നിലവിലുള്ള എക്സിക്യൂട്ടീവ് അംഗവും സംഭവസമയത്ത് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയുമാണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. രാമചന്ദ്രന്‍ മാസ്റ്റര്‍ കെ.പി.സി.സി. എക്സിക്യൂട്ടീവംഗമായി ഇപ്പോഴും തുടരുന്നു. മാസ്റ്റര്‍ പറഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയി എന്നു മാത്രമാണ് ആന്റണി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. സംഘടനാപരമായ നടപടിക്ക് കെ.പി.സി.സി. തയ്യാറായില്ല.

ഇത് ടൈറ്റാനിയത്തിന്റെ കാര്യം. പാമോയില്‍ അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടി ചെയ്തതേ താനും ചെയ്തിട്ടുള്ളൂ, പിന്നെങ്ങനെ തന്നെ പ്രതിയാക്കുകയും ഉമ്മന്‍ചാണ്ടിയെ സാക്ഷിയാക്കുകയും ചെയ്തുവെന്നാണ് കരുണാകരന്‍ മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ സഹപ്രവര്‍ത്തകനായിരുന്ന ടി.എച്ച്. മുസ്തഫ ചോദിച്ചത്. മുസ്തഫയുടെ ചോദ്യം പ്രസക്തമായതുകൊണ്ടാണ് വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന പാമോയില്‍ കൂടിയ വിലയ്ക്ക് വാങ്ങി അഴിമതി നടത്തുന്നതിന് തീരുമാനമെടുക്കുന്നതില്‍ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയാണ് വലിയ പങ്ക് വഹിച്ചത്. കുറഞ്ഞ വിലയ്ക്ക് പാമോയില്‍ സപ്ളൈ ചെയ്യാമെന്ന് വ്യക്തമാക്കിക്കൊണ്ട് കമ്പനികള്‍ അയച്ച കത്തുകള്‍ അവഗണിച്ചുകൊണ്ടാണ് കൂടിയ വിലയ്ക്ക് പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ഉമ്മന്‍ചാണ്ടി ഒപ്പിട്ടത്. ഇത്തരം ഇടപാടുകളില്‍ ധനമന്ത്രിക്ക് അന്നത്തെ മുഖ്യമന്ത്രിയെ മാത്രം പഴി പറഞ്ഞ് രക്ഷപ്പെടാനാവില്ല. ഇത് നിയമം അറിയാവുന്ന ആര്‍ക്കുമറിയാം. ടി.എച്ച് മുസ്തഫ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഇതിലേക്ക് വെളിച്ചം വീശുന്നു.

അഴിമതി നടത്തുന്നവര്‍ മാത്രമല്ല, അതിന് കൂട്ടുനില്‍ക്കുന്നവരും അത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നവരും അഴിമതിക്കാര്‍ തന്നെയാണ്. ഇടമലയാര്‍ അഴിമതി നടത്തിയതിന് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയെ ന്യായീകരിക്കുകയും അപദാനങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി അഴിമതിയെ മഹത്വവല്‍ക്കരിക്കുകയാണ്.

അഴിമതിയുടെ പര്യായമായി മാറി ലോകത്തിനു മുമ്പില്‍ അപഹാസ്യമായിക്കഴിഞ്ഞതാണല്ലോ യു.പി.എ. സര്‍ക്കാര്‍. അഴിമതിക്കെതിരെ ലോക്പാല്‍ നിയമം കുറ്റമറ്റ നിലയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രശസ്ത ഗാന്ധിയന്‍ അണ്ണാ ഹസാരെ നിരാഹാര സത്യഗ്രഹം തുടരുകയാണ്. രാജ്യമെങ്ങും ജനലക്ഷങ്ങള്‍ ഹസാരയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് തെരുവിലിറങ്ങിയിരിക്കുകയാണ്. അഴിമതിക്കെതിരായ ഒരു മഹാപ്രസ്ഥാനത്തിന് ഇന്ത്യയില്‍ തുടക്കം കുറിച്ചിരിക്കുന്നു. കേന്ദ്രത്തിലായാലും കേരളത്തിലായാലും അധികാരം അഴിമതിക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നവരാണ് കോണ്‍ഗ്രസ്. ഹസാരെയുടെ സത്യഗ്രഹത്തോടെ കോണ്‍ഗ്രസ്സിന്റെ ദുര്‍മുഖം കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്.

Share

1 Comment to "കുറ്റസമ്മതങ്ങള്‍ വേട്ടയാടുമ്പോള്‍."

  1. Sandhyakumary's Gravatar Sandhyakumary
    April 9, 2011 - 7:23 am | Permalink

    WISH YOU SUCCESS.I wish if Sakhavu V.S also should come into the Lokpal Bill Committee.

Comments are closed.