കേരള പുരോഗതിക്ക് എല്‍.ഡി.എഫ്. വിജയം അനിവാര്യം.

Share

വലതുപക്ഷ ശക്തികളുടെയും മറ്റ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെയും നുണപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച മുന്നേറ്റം നടത്തുന്നതിനാണ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗം സാക്ഷ്യം വഹിച്ചത്. പണവും പ്രതാപവുംകൊണ്ടും കുത്തക മാധ്യമങ്ങളുടെ പിന്തുണകൊണ്ടും ജനവികാരത്തെ അട്ടിമറിക്കാനാവുമെന്ന യു.ഡി.എഫ്. പ്രതീക്ഷ തകര്‍ന്നിരിക്കുകയാണ്. നന്മയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ തിന്മകളുടെ ശക്തികള്‍ എത്രതന്നെ ശ്രമിച്ചാലും വിജയിക്കില്ലെന്ന വിളംബരമാണ് പ്രചാരണരംഗത്ത് കണ്ടത്. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ നൂറില്‍പരം പ്രചാരണയോഗങ്ങളില്‍ സംബന്ധിച്ച എനിക്ക് കാണാന്‍ കഴിഞ്ഞത് ജനങ്ങള്‍ വര്‍ധിതാവേശത്തോടെ ഇടതുപക്ഷത്ത് അണിനിരക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസം പകരുകയും എല്ലാ തുറകളിലും വലിയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തതിന്റെ പ്രതിഫലനമാണ് വര്‍ധിച്ച ജനപങ്കാളിത്തവും വര്‍ധിച്ച ആവേശവും. കേരളത്തിന്റെ പുരോഗതിക്കും വിവിധ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ഇടതുപക്ഷ ജനാധിപത്യമുന്നണിതന്നെ വീണ്ടും അധികാരത്തില്‍ വരണമെന്ന മന്ത്രമാണ് എവിടെയും ഉയര്‍ന്നുകേട്ടത്. എല്ലാ വിഭാഗം ജനങ്ങളും എല്‍.ഡി.എഫിനെ തുണയ്ക്കുന്നുവെന്ന അനുഭവമാണ് പ്രചാരണരംഗത്തുണ്ടായത്. വലതുപക്ഷത്തിന്റെ നെടുങ്കോട്ടയാണ് മലപ്പുറമെന്ന അവകാശവാദം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തകര്‍ന്നതാണ്. എന്നാല്‍ പിന്നെയും കോട്ട ശക്തിപ്പെട്ടുവെന്നും അവിടെ യു.ഡി.എഫ്. അജയ്യമാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനമാകെ പ്രകടമായ ഇടതുപക്ഷത്തിനനുകൂലമായ ജനവികാരം മലപ്പുറത്തും ഏറ്റവും ശക്തമാണെന്നാണ് അവിടെ പര്യടനം നടത്തിയ എനിക്ക് വ്യക്തമായത്. ജീര്‍ണതകള്‍ക്കെതിരെ വമ്പിച്ച ജനകീയ ഐക്യം രൂപപ്പെടുന്നതായാണ് മലപ്പുറത്തെ റാലികള്‍ തെളിയിച്ചത്. ഒരു ജനവിഭാഗവും ഇടതുപക്ഷവുമായി പിണങ്ങി നില്‍ക്കുന്നില്ല എന്നതാണ് വ്യക്തമാകുന്നത്.

സ്വാതന്ത്യ്രസമര പോരാളികളുടെ ത്യാഗനിര്‍ഭരമായ സമരത്തിലൂടെയാണ് നമ്മുടെ നാട് സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കായത്. ആ സ്വാതന്ത്യ്രത്തെയും ജനാധിപത്യത്തെയും പണാധിപത്യംകൊണ്ട് അട്ടിമറിക്കാനുള്ള നീക്കമാണ് യു.പി.എ-യു.ഡി.എഫ്. നേതൃത്വത്തില്‍ നടക്കുന്നതെന്ന് ഈ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു. ഹെലികോപ്റ്ററും പ്രചാരണത്തിന് ദില്ലിയില്‍നിന്നും എത്തിയ പണവും മാത്രമല്ല, നാട്ടില്‍ ആരും അറിയാത്ത, ഒരു പ്രവര്‍ത്തന പരിചയവുമില്ലാത്ത കുറെപ്പേരെ രാഹുല്‍ഗാന്ധി നേരിട്ട് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് കേരളത്തിലേക്ക് കയറ്റി അയച്ചതും ജനങ്ങള്‍ കണ്ടു. സോണിയാഗാന്ധിയും രാഹുലും രാഷ്ട്രീയത്തില്‍ ഒരു സുപ്രഭാതത്തില്‍ ദേശീയ നേതാക്കളായി അവതരിച്ചതുപോലെ രാഹുല്‍ഗാന്ധി കുറെപ്പേരെ സ്ഥാനാര്‍ത്ഥികളായി കയറ്റിവിടുക – സ്ഥാനാര്‍ത്ഥിയെ നിര്‍ത്തല്‍, അവര്‍ക്ക് പണം നല്‍കല്‍, പ്രചാരണത്തിന് ഹെലികോപ്റ്റര്‍, പ്രവര്‍ത്തകര്‍ക്ക് പണം എന്നിങ്ങനെ ജനാധിപത്യത്തെ പൂര്‍ണമായും അധിക്ഷേപിക്കുന്ന കൃത്യമാണ് കണ്ടത്. ഇതില്‍ സഹികെട്ടാണ് സോണിയ, മന്‍മോഹന്‍, രാഹുല്‍ എന്നിവരുടെ റാലികളില്‍നിന്നും അധികം കോണ്‍ഗ്രസ്സുകാരും വിട്ടുനിന്ന് ജനവികാരത്തിന്റെ സൂചന അവര്‍ക്ക് നല്‍കിയത്.

ആഗോളവല്‍ക്കരണ കാലഘട്ടത്തിന്റെ ഉപജ്ഞാതാക്കളായ കോണ്‍ഗ്രസ് അതിന്റെ ദുഷ്ടമായ രാഷ്ട്രീയ മുഖം പൂര്‍ണമായും വെളിവാക്കിയെന്നതും ഈ പ്രചാരണകാലത്ത് ജനങ്ങള്‍ കണ്ടു. ഒരു ഭാഗത്ത് വിലക്കയറ്റം രൂക്ഷമാക്കുന്ന നയങ്ങള്‍. സബ്സിഡികള്‍ എടുത്തുകളഞ്ഞ് എല്ലാം കമ്പോള മത്സരത്തിന് തുറന്നുകൊടുക്കല്‍ – അതിന്റെ ഭാഗമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം. കൃഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വളത്തിന്റെ സബ്സിഡികള്‍ പൂര്‍ണമായി എടുത്തുകളയല്‍; പൊതുവിതരണം പൂര്‍ണമായി തകര്‍ത്ത് സബ്സിഡി തുക പണമായി നല്‍കുമെന്ന അപ്രായോഗിക പ്രഖ്യാപനം. വിലക്കയറ്റം രൂക്ഷമാക്കുന്ന ഈ കേന്ദ്ര സമീപനവും രണ്ട് രൂപക്ക് അരിയും 400 രൂപ ക്ഷേമ പെന്‍ഷനും വിപണി ഇടപെടലിലൂടെ ന്യായവിലക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്ന സംസ്ഥാന സമീപനവും ജനങ്ങള്‍ മനസ്സിലാക്കുന്നു.

കേരളത്തില്‍ അഴിമതിക്കെതിരെ അതി ശക്തമായ പോരാട്ടമാണ് നടക്കുന്നതെങ്കില്‍, അഴിമതിക്കാരെ ജയിലിലടക്കുകയാണ് ചെയ്യുന്നതെങ്കില്‍, കേന്ദ്രത്തില്‍ കുംഭകോണങ്ങളുടെ പരമ്പരയാണ് നടക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. അഴിമതിയുടെ കൊടുമുടിയായി ഇന്ത്യാരാജ്യത്തെ യു.പി.എ. അധഃപതിപ്പിച്ചുവെന്നും അതിനെതിരെ ജനശക്തി ഉണര്‍ത്താന്‍ അണ്ണാഹസാരെയെപ്പോലുള്ളവര്‍ക്ക് തെരുവിലിറങ്ങേണ്ടിവന്നുവെന്നും ജനങ്ങള്‍ കണ്ടു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ മതത്തിലും പെട്ടവരുടെ വിശ്വാസസ്വാതന്ത്യ്രം സംരക്ഷിക്കാനും എല്ലാ മതത്തിലും പെട്ട സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും അവകാശസംരക്ഷണത്തിനുവേണ്ടിയും ത്യാഗപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷം എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. അതേസമയം തരാതരം വര്‍ഗീയ വികാരമിളക്കിവിടാന്‍ ശ്രമിക്കുന്ന, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിന് വിഫലശ്രമം നടത്തുന്നവരാണ് യു.ഡി.എഫ്. എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. ഏതെങ്കിലും ജനവിഭാഗങ്ങളെ എല്‍.ഡി.എഫിന് എതിരായി തിരിച്ചുവിടാനാകുമെന്ന വ്യാമോഹം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് യു.ഡി.എഫ്. കാരണം എല്ലാ ജനവിഭാഗങ്ങളും എല്‍.ഡി.എഫില്‍ ആശ്രയം കാണുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും പ്രചാരണരംഗത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മേധാവിത്വം പ്രകടമായി. എന്നാല്‍ കള്ളപ്രചാരണവും കപടനാടകങ്ങളും നടത്തി രക്ഷപ്പെടാന്‍ ഐക്യ ജനാധിപത്യമുന്നണി പെടാപ്പാട് പെടുകയാണ്. പ്രചാരണരംഗത്തുണ്ടായ മുന്‍തൂക്കം വോട്ടാക്കിമാറ്റിയാല്‍ മാത്രമേ എല്‍.ഡി.എഫ്. വിജയം ഉറപ്പിക്കാനാവൂ. അതിനുള്ള അക്ഷീണ യത്നമാണിനി വേണ്ടത്. ക്ഷേമവും വികസനവും സമാധാനവും ഉറപ്പാക്കിയ ഭരണത്തിന്റെ തുടര്‍ച്ച വേണം, തൊഴിലാളികളുടെയും കൃഷിക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയുണ്ടാകണം; അഴിമതിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അനുവദിക്കാത്ത, സ്ത്രീപുരുഷ തുല്യത കൈവരുത്താന്‍ പരിശ്രമിക്കുന്ന, എല്ലാത്തരം ജീര്‍ണതകള്‍ക്കുമെതിരെ നന്മകളെ പ്രോജ്വലിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണ്. ഇപ്പോള്‍ വലതുപക്ഷത്തിനൊപ്പം നില്‍ക്കുന്നവരും ഒരു കക്ഷിയിലും പെടാത്തവരുമായവര്‍ ഉള്‍പ്പെടെ എല്ലാവരുടെയും പിന്തുണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായി മാറുമെന്ന് പ്രതീക്ഷിക്കാം. നന്മക്ക് വേണ്ടി, കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി എല്ലാ വോട്ടും സമാഹരിക്കുന്നതിനുള്ള അവസാനവട്ട പരിശ്രമത്തിന് മുഴുവന്‍ ആളുകളും രംഗത്തിറങ്ങുക.

Share

Comments are closed.